വ്‌ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്ക് പിന്നാലെ പ്രമുഖ വ്‌ളോഗര്‍ മല്ലു ട്രാവലറും വിവാദത്തില്‍. തന്നെ ഗതാഗത മന്ത്രിയാക്കിയാല്‍ വാഹനത്തിന്റെ ഏതു തരത്തിലും മോഡിഫിക്കേഷനും നടത്താന്‍ അനുമതി നല്‍കുമെന്ന് മല്ലു ട്രാവലര്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഈ വീഡിയോയില്‍ ഗതാഗത നിയമങ്ങളെ വെല്ലുവിളിക്കുന്ന കാര്യങ്ങളും മല്ലു ട്രാവലര്‍ പരാമര്‍ശിച്ചിട്ടുണ്ട്. താന്‍ ഗതാഗതമന്ത്രിയായാല്‍ വാഹനത്തില്‍ പത്തോ ഇരുപതോ ടയര്‍ വയ്ക്കാന്‍ അനുമതി നല്‍കുമെന്നാണ് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോയില്‍ മല്ലു ട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്മാന്‍ പറയുന്നത്. താന്‍ പണം കൊടുത്ത് വാങ്ങി, ടാക്‌സ് അടയ്ക്കുന്ന വണ്ടി മോഡിഫിക്കേഷന്‍ ചെയ്യാന്‍ തനിക്ക് അവകാശമില്ലേ എന്നാണ് വ്‌ളോഗര്‍ ചോദിക്കുന്നത്. മോട്ടോര്‍ വാഹന നിയമങ്ങളെ വെല്ലുവിളിക്കുന്ന ഇയാള്‍ക്കെതിരെയും കേസെടുക്കണമെന്നാണ് നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഞാന്‍ പൈസ കൊടുത്ത് വാങ്ങിയ വണ്ടി മോഡിഫൈ ചെയ്യാന്‍ എനിക്ക് അവകാശമില്ലേ. ഞാന്‍ ചെയ്യും. നാട്ടിലെത്തിയാല്‍ പച്ചയ്ക്ക് ചെയ്യും. തന്റെ ആമിന എന്ന ബൈക്ക് എറണാകുളത്ത് നിന്ന് എടുത്തുകൊണ്ട് വരുമ്പോള്‍ പൊക്കുന്ന എംവിഡി ആയിരിക്കും കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാണം കെടുന്നവന്‍. ഞാന്‍ ആ വണ്ടി എറണാകുളത്ത് നിന്ന് ഓടിച്ചു വരുമെന്നും മല്ലു ട്രാവലര്‍ പറയുന്നുണ്ട്.
'അടുത്ത ഇലക്ഷനില്‍ ഞാന്‍ നിന്നാല്‍ നിങ്ങളെല്ലാരും എന്നെ കേരളത്തിലെ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ആക്കി തരുമോ? നിങ്ങള്‍ എന്നെ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ആക്കിയാല്‍ ഞാന്‍ നിങ്ങള്‍ക്ക് തിരിച്ചു തരുന്ന പ്രോമിസ് നിങ്ങളുടെ വണ്ടി ഏതു തരത്തിലും കസ്റ്റമൈസ് ചെയ്യാന്‍ പറ്റും. ആ രീതിയില്‍ ഞാന്‍ പുതിയ നിയമം കൊണ്ടുവരും. നിങ്ങളുടെ വണ്ടിയില്‍ പത്ത് ടയര്‍ കയറ്റണോ, 20 ടര്‍ കയറ്റണോ എന്നും പച്ച പെയിന്റോ നീല പെയിന്റോ അടിക്കണമോ അതോ, പെയിന്റ് തന്നെ വേണമോ, ഇനി അതല്ല, ബംബര്‍ തന്നെ വേണമോ...നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ നിങ്ങളുടെ വണ്ടി കസ്റ്റമൈസ് ചെയ്ത് കൊണ്ടു വരാനുള്ള നിയമം ഞാന്‍ കൊണ്ടു വരും. സത്യം,' എന്നിങ്ങനെയാണ് മല്ലു ട്രാവലറിന്റെ വാക്കുകള്‍.