Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പണവും കാറും തട്ടിയെടുത്തു; ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനർക്കെതിരെ അമ്മയുടെ പരാതി

മോഹനരരും ഭാര്യയും ചേര്‍ന്ന് തന്റെ പണവും കാറും തട്ടിയെടുത്തെന്നാണ് അമ്മ ദേവകി അന്തര്‍ജനത്തിന്റെ പരാതി.

പണവും കാറും തട്ടിയെടുത്തു; ശബരിമല മുൻ തന്ത്രി  കണ്ഠരര് മോഹനർക്കെതിരെ അമ്മയുടെ പരാതി
, വ്യാഴം, 18 ഏപ്രില്‍ 2019 (08:22 IST)
ശബരിമല ക്ഷേത്രത്തിന്റെ മുന്‍ തന്ത്രി കണ്ഠരര് മോഹനരര്‍ക്കെതിരേ അമ്മയുടെ പരാതി. മോഹനരരും ഭാര്യയും ചേര്‍ന്ന് തന്റെ പണവും കാറും തട്ടിയെടുത്തെന്നാണ് അമ്മ ദേവകി അന്തര്‍ജനത്തിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി ഏപ്രില്‍ 26 ന് മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഹൈക്കോടതി മാറ്റിവച്ചിരിക്കുകയാണ്. ശബരിമലയിലെ മുഖ്യതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യയാണ് ദേവകി അന്തര്‍ജനം.
 
2018 മേയില്‍ മഹേശ്വരർ അന്തരിച്ചതിനു പിന്നാലെ ബാങ്ക് അകൗണ്ടില്‍ ഉണ്ടായിരുന്ന പണം മോഹനരര് തട്ടിയെടുത്തെന്നും തന്റെ പേരില്‍ ഉണ്ടായിരുന്ന ഇന്നോവ കാര്‍ മറ്റൊരാള്‍ക്ക് വിറ്റെന്നുമാണ് ദേവകി അന്തര്‍ജനം ഹര്‍ജിയില്‍ ബോധിപ്പിക്കുന്ന പരാതി. പരാതിയില്‍ പറയുന്ന പ്രകാരം ദേവകി അന്തര്‍ജനത്തിന്റെ പേരില്‍ ഫെഡറല്‍ ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയിലെ അകൗണ്ടില്‍ നിക്ഷേപിച്ചിരുന്ന 41.63 ലക്ഷം രൂപ മോഹനരരും ഭാര്യയും ചേര്‍ന്ന് ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റിയിട്ടുണ്ട്. 83 വയസുള്ള രോഗിയായതിനാല്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ മൂത്തമകനായ മോഹനരരെ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഇതു ദുരുപയോഗം ചെയ്താണ് പണം തട്ടിയെടുത്തതെന്നുമാണ് ഹര്‍ജിക്കാരി പറയുന്നത്. തന്റെ മൊബൈല്‍ ഫോണുകളും മോഹനരര് പിടിച്ചു വാങ്ങുകയാണുണ്ടായതെന്നും ദേവകി അന്തര്‍ജനം പറയുന്നു.
 
തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ മോഹനരരും ഭാര്യയും അനുവദിച്ചില്ലെന്നും ദേവകി അന്തര്‍ജനം ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. ആദ്യം മാര്‍ച്ച് 15 ന് അകം വിധിയുണ്ടാകുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീടത് മാര്‍ച്ച് 26 ലേക്ക് മാറ്റിയെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരിഗണിക്കാനായി വീണ്ടും മാറ്റിയെന്നും ദേവകി അന്തര്‍ജനം പറയുന്നു.

പ്രായവും രോഗവാസ്ഥയും കണക്കിലെടുത്ത് അടിയന്തര സഹായം വേണമെന്നാവശ്യപ്പെട്ട് ഇവര്‍ ഉപഹര്‍ജിയും നല്‍കിയിട്ടുണ്ട്. കേസ് നിലവിലുള്ളപ്പോള്‍ തന്നെ തന്റെ വീട് പൊളിച്ചു നീക്കിയെന്നും ദേവകി അന്തര്‍ജനം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. തനിക്ക് മറ്റു വരുമാനങ്ങളൊന്നും ഇല്ലെന്നും ജീവനാംശം നല്‍കണമെന്നും തട്ടിയെടുത്ത പണവും കാറും വിട്ടുകിട്ടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഇപ്പോള്‍ മകളുടെ കൂടെ തിരുവനന്തപുരത്താണ് ദേവകി അന്തര്‍ജനത്തിന്റെ താമസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേനല്‍മഴയ്ക്കിടെ ഇടിമിന്നലേറ്റ് കൊച്ചിയില്‍ 2 പേര്‍ മരിച്ചു