സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്ത് നിന്നും 37 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.14 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്.അഞ്ച് ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 62 പേർ രോഗമുക്തി നേടിയപ്പോൾ ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്.
കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ മരണപ്പെട്ട പികെ മുഹമ്മദ് കരൾ രോഗിയായിരുന്നു. ഇന്ന് സമ്പർക്കം മൂലം രോഗം പടർന്നവരിൽ 4 പേർ തൃശൂർ കോർപ്പറേഷനിലെ ശുചീകരണത്തൊഴിലാളികളാണ്. നാല് പേർ വെയർ ഹൗസിൽ ഹെഡ് ലോഡിംഗ് തൊഴിലാളികളുമാണ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ മഹാരാഷ്ട്ര 20, ദില്ലി 7, തമിഴ്നാട്, കർണാടക നാല് വീതം. പശ്ചിമബംഗാൾ, മധ്യപ്രദേശ് ഒന്ന് വീതം എന്നിങ്ങനെയാണ് കണക്കുകൾ. ഇതുവരെ 2244 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.ഇതിൽ 1258 പേർ ചികിത്സയിലാണ്. 2,18,.949 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. അതിൽ 1922 പേരാണ് ആശുപത്രികളിൽ ചികിത്സയിലുമാണ്.പാലക്കാട് ജില്ലയിലെ രണ്ട് സ്ഥലങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 35 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.