മനസ് നഷ്‌ടപ്പെടുമെന്നായപ്പോഴാണ് യാത്ര പോയതെന്ന് എറണാകുളം സെൻട്രൽ സിഐ വിഎസ് നവാസ്. യാത്രപോയത് ശാന്തി തേടിയാണ്. എല്ലാവരേയും വിഷമിപ്പിച്ചതിന് മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.
കാണാതായി ഏതാണ്ട് 48 മണിക്കൂറിന് ശേഷമാണ് നവാസിനെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയത്. നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കരൂരിന് അടുത്തുവച്ചാണ് കണ്ടെത്തിയത്. തമിഴ്നാട് റയിൽവേ പൊലീസിലെ മലയാളിയായ ഒരു ഉദ്യോഗസ്ഥനു നവാസിനെ കണ്ടപ്പോള്‍ സംശയം തോന്നുകയും പുലർച്ചെ മൂന്നോടെ കേരളാ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
പൊലീസ് അയച്ചു നല്‍കിയ ഫോട്ടോകൾ പരിശോധിച്ചാണ് ട്രെയിനിനുള്ളത് നവാസ് ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പാലക്കാട്ട് നിന്നുള്ള പൊലീസ് സംഘം അവിടെയെത്തി നവാസിനെ കാണുകയും വിവരങ്ങള്‍ അറിയിക്കുകയുമായിരുന്നു.
ഒരു യാത്ര പോകുന്നു എന്ന് ഭാര്യക്ക് മെസേജ് അയച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയ നവാസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കി. ഭര്‍ത്താവിനെ കാണാനില്ലെന്ന് വ്യക്തമാക്കി ഭാര്യ മുഖ്യമന്ത്രിക്കും പൊലീസ് അധികാരികള്‍ക്കും പരാതി സമര്‍പ്പിക്കുക കൂടി ചെയ്‌തതോടെ ജനങ്ങളും ആശങ്കയിലായി.