ബിനീഷ് കോടിയേരിയുടെ വീട്ടിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിൽ ഇടപെട്ട സംഭവത്തിൽ നിന്ന് ബാലാവകാശ കമ്മീഷന്‍ പിന്മാറി. വിഷയത്തിൽ ഇഡിക്കെതിരെ തുടർനടപടികൾ ഇല്ലെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. വീട്ടില്‍ റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.
ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് ഇഡി ഉദ്യോഗസ്ഥർ ബിനീഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനാ സമയത്ത് ബിനീഷിന്റെ ഭാര്യയേയും കുട്ടിയേയും ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചതായി കുടുംബം പരാതിപ്പെട്ടിരുന്നു.
ബിനീഷ് കോടിയേരിയുടെ ഭാര്യ പിതാവ് ബാലാവകാശ കമ്മീഷന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കമ്മീഷന്‍ അംഗങ്ങള്‍ വീട്ടിലെത്തി ഇവരെ സന്ദര്‍ശിച്ചിരുന്നു.