കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം കൊലപ്പെടുത്തിയ സംഭവം. മൂന്ന് വയസ് മുതല്‍ ഈ പെണ്‍കുട്ടിയെ പ്രതിയായ അര്‍ജുന്‍ ലൈംഗികമായി ദുരുപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മിക്ക ദിവസങ്ങളിലും അര്‍ജുന്‍ ഈ പെണ്‍കുട്ടിക്ക് മിഠായി വാങ്ങി നല്‍കിയിരുന്നു. അശ്ലീല വിഡിയോകള്‍ പതിവായി കാണുന്ന അര്‍ജുന്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. വീട്ടില്‍നിന്നു കണ്ടെടുത്ത യുവാവിന്റെ മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോകളുടെ വന്‍ ശേഖരം ഇതിനു തെളിവാണെന്ന് പൊലീസ് പറഞ്ഞു.
പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് നാട്ടുകാര്‍ അര്‍ജുനെ കണ്ടിരുന്നത്. എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന വ്യക്തിയാണ്. ജനകീയ പരിവേഷം മറയാക്കിയാണ് അര്‍ജുന്‍ ഇത്രയും ക്രൂരകൃത്യങ്ങള്‍ ചെയ്തിരുന്നത്. ആരും തന്നെ സംശയിക്കില്ലെന്ന് അര്‍ജ്ജുന് ഉറപ്പായിരുന്നു. പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ബന്ധുക്കള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനു വെള്ളം എത്തിച്ചതും ഭക്ഷണം വിളമ്പിയതുമെല്ലാം അര്‍ജ്ജുന്റെ നേതൃത്വത്തിലായിരുന്നു.
സംസ്‌കാര ചടങ്ങിനിടെ പെണ്‍കുട്ടിയുടെ വേര്‍പാടിന്റെ ദുഃഖം വിളിച്ചുപറഞ്ഞു പലതവണ അലമുറയിട്ടു കരഞ്ഞു. ഡിവൈഎഫ്‌ഐ പ്രാദേശിക പ്രവര്‍ത്തകനായ അര്‍ജുന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച റീ സൈക്കിള്‍ ശേഖരണ പരിപാടിയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരക്കാരന്‍ ആയിരുന്നു അര്‍ജുന്‍. വീടുകളില്‍ എത്തി സാധനങ്ങള്‍ ശേഖരിച്ചിരുന്നത് അര്‍ജുന്‍ ആയിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതി അര്‍ജുന്‍ സംഭവത്തെ കുറിച്ച് പൊലീസിനോട് വെളിപ്പെടുത്തി. ക്രൂരമായ ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടി ബോധരഹിതയായി വീണു. കുട്ടി മരിച്ചെന്ന് കരുതിയാണ് അര്‍ജുന്‍ മുറിയില്‍ കെട്ടിയിട്ടിരിക്കുന്ന കയറില്‍ കെട്ടിത്തൂക്കിയത്. കഴുത്ത് മുറുകിയതോടെ പെണ്‍കുട്ടി കണ്ണ് തുറന്നു. ഇക്കാര്യം അര്‍ജുന്‍ തന്നെയാണ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തിയത്.
പെണ്‍കുട്ടി മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മുന്‍വശത്തെ കതക് അര്‍ജുന്‍ അടച്ചു. തുടര്‍ന്ന് ജനാല വഴി ചാടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സഹോദരി മരിച്ചതറിഞ്ഞ് ആണ്‍കുട്ടി ഓളിയിട്ടു. തൊട്ടടുത്ത വീട്ടില്‍ നിന്ന് ആളുകള്‍ ഓടിയെത്തി. ഓടി എത്തിയവരുടെ കൂട്ടത്തില്‍ പ്രതി അര്‍ജുനും ഉണ്ടായിരുന്നു.
മരണ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനു പടുത വാങ്ങി കൊണ്ടു വന്ന അര്‍ജുന്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇടയിലും ശേഷവും കുട്ടിയുടെ വേര്‍പാടില്‍ മനംനൊന്ത് വിലപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചതെന്ന പ്രചാരണം ശക്തമാക്കിയത് അര്‍ജുന്‍ തന്നെയാണ്. ഇങ്ങനെയൊരു പ്രചരണം നടത്തുന്നത് തനിക്ക് ഗുണം ചെയ്യുമെന്നാണ് അര്‍ജുന്‍ കരുതിയത്. എന്നാല്‍, മൃതദേഹ പരിശോധനയില്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയതോടെ കാര്യങ്ങള്‍ അര്‍ജുന് എതിരായി.
കൊല്ലപ്പെട്ട പെണ്‍കുട്ടി താമസിക്കുന്ന ലയത്തിലെ തൊട്ടടുത്ത മുറിയിലാണ് പ്രതി അര്‍ജുന്‍ താമസിക്കുന്നത്. പീഡനത്തിനു ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി അര്‍ജുന് അടുത്ത ബന്ധമുണ്ടായിരുന്നു. കുട്ടിയെ കളിപ്പിക്കാനെന്നവണ്ണം അര്‍ജുന്‍ ഇവരുടെ വീട്ടിലേക്ക് ഇടയ്ക്കിടെ എത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കള്‍ അര്‍ജ്ജുന് നല്‍കിയിരുന്നു. അത്രത്തോളം വിശ്വാസമായിരുന്നു ഇയാളെ. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തങ്ങളുടെ മകളെ അര്‍ജുന്‍ ലൈംഗികമായി ദുരുപയോഗിക്കുന്ന കാര്യം മാതാപിതാക്കള്‍ അറിഞ്ഞില്ല. കുട്ടിയുടെ മാതാപിതാക്കള്‍ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു അര്‍ജ്ജുന്റെ ചൂഷണം.
വന്‍ വഴിത്തിരിവ്
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി ആറുവയസുകാരി മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. അയല്‍വാസിയായ യുവാവ് തന്നെയാണ് പ്രതി. ചുരക്കുളം എസ്റ്റേറ്റില്‍ അര്‍ജുന്‍ (21) ആണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തില്‍ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30-നാണ് ലയത്തിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടേത് അപകട മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. കളിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ ഷാള്‍ കുരുങ്ങിയതാകും എന്ന് പൊലീസ് കരുതി. വീടിനുള്ളില്‍ വഴക്കുല കെട്ടി ഇട്ടിരുന്ന കയറില്‍ പിടിച്ചുകളിച്ചുകൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കുരുങ്ങുകയും കഴുത്ത് മുറുകുകയും ചെയ്ത് മരണപ്പെട്ടതാകാമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, വിശദമായ അന്വേഷണത്തിനൊടുവില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.
മൃതദേഹ പരിശോധനയില്‍ പീഡനം നടന്നിട്ടുണ്ടോയെന്ന് ഡോക്ടര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഉടനെ ഇക്കാര്യം പൊലീസിനെ അറിയിച്ചു. അസ്വാഭാവിക മരണത്തിനു പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പീഡനം നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെട്ടതോടെ പൊലീസ് രഹസ്യമായി അന്വേഷണം നടത്തി. സംശയം തോന്നിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മരിച്ച കുട്ടിയുടെ അല്‍വാസിയായ അര്‍ജുനെ പൊലീസ് രണ്ട് തവണ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കുട്ടിയെ പ്രതി ഒരു വര്‍ഷത്തോളം ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയതായി പൊലീസിന് വ്യക്തമായി. കഴിഞ്ഞ മാസം 30ന് അര്‍ജുന്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിനിടെ ബോധമറ്റ് വീണു. കുട്ടി മരിച്ചെന്ന് കരുതിയ ഇയാള്‍ മുറിക്കുള്ളിലെ കയറില്‍ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു.