ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു ജില്ലാ കളക്ടര്‍മാരുമായി മുഖ്യമന്ത്രി യോഗം ചേര്‍ന്നത്.
ആവശ്യത്തിന് ശൗചാലയങ്ങൾ ക്യാമ്പുകളിൽ ഉറപ്പാക്കണമെന്നും ക്യാമ്പുകൾ നല്ല തോതിലുള്ള ശുചീകരണം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കാലമായതിനാൽ ഹാളുകളിലും മറ്റും കഴിയുന്നവർക്ക് പരമാവധി പുതപ്പുകൾ പോലുള്ള സൗകര്യങ്ങൾ എത്തിക്കാൻ ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ളവ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം.
ക്യാമ്പുകളില്‍ ഭക്ഷണം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തണം. ക്യാമ്പുകള്‍ അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ ഇന്നുതന്നെ ആരംഭിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനൊപ്പം വീടുകളിലേക്ക് പോകുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ആദ്യഘട്ടത്തില്‍ കിണറുകള്‍ ശുചീകരിക്കുന്നതിന് മുന്‍ഗണന നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് വേണം ഇവ നടപ്പിലാക്കാന്‍.
വെള്ളം കയറിയ സ്ഥലങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ മലയിടിച്ചിലും ഉരുള്‍പൊട്ടലും മൂലം വീടുകള്‍ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പുകള്‍ അവസാനിപ്പിച്ചാലും ഒരുമിച്ച് ഒരു സ്ഥലത്ത് താമസിപ്പിക്കണം. ഇതിനായുള്ള താമസ സ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തണം.
അതേസമയം, കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി ചൊവ്വാഴ്ച സന്ദര്‍ശനം നടത്തും. രക്ഷാപ്രവർത്തനം വിലയിരുത്തുന്നതോടൊപ്പം ജില്ലാകലക്ടർ ഉൾപ്പെടെയുള്ള അധികൃതരുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോർട്ട്.