'കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ വേണ്ട'; ചേലക്കര കോണ്‍ഗ്രസിലും പൊട്ടിത്തെറി, വോട്ട് പിളര്‍ത്താന്‍ അന്‍വറും
സേവ് കോണ്‍ഗ്രസ് ഫോറം രമ്യ ഹരിദാസിനെതിരെ നേരത്തെ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു
ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കില്ലെന്ന് മണ്ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. ചേലക്കരയില്‍ നിന്ന് തന്നെയുള്ള ഒരു സ്ഥാനാര്‍ഥിയെ വേണമെന്നാണ് ഇവരുടെ നിലപാട്. രമ്യ ഹരിദാസിനെ കെപിസിസി നേതൃത്വം കെട്ടിയിറക്കുകയാണെന്നും ചേലക്കരയിലെ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങളെ മാനിക്കാത്ത നടപടിയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
സേവ് കോണ്‍ഗ്രസ് ഫോറം രമ്യ ഹരിദാസിനെതിരെ നേരത്തെ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു. 'ഞങ്ങള്‍ക്ക് ഞങ്ങളെ അറിയുന്ന സ്ഥാനാര്‍ഥി മതി. ചേലക്കരയില്‍ ഒരു വരത്തിയും വേണ്ടേ വേണ്ട' എന്നായിരുന്നു പോസ്റ്ററുകളില്‍. യുഡിഎഫ് തരംഗമുണ്ടായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും ആലത്തൂരില്‍ നിന്ന് ജയിക്കാന്‍ സാധിക്കാത്ത സ്ഥാനാര്‍ഥിയാണ് രമ്യ. അങ്ങനെയൊരു സ്ഥാനാര്‍ഥിയെ ഇടത് കോട്ടയായ ചേലക്കരയില്‍ കൊണ്ടുവരുന്നത് എന്തിനു വേണ്ടിയാണെന്ന് ചോദ്യമുയര്‍ന്നിട്ടുണ്ട്.
നേതൃത്വത്തിനു ചെവി കൊടുക്കാതെയാണ് രമ്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെന്ന് ചേലക്കരയിലെ കോണ്‍ഗ്രസ് നേതൃത്വവും ആരോപിക്കുന്നു. ചേലക്കരയില്‍ നിന്ന് തന്നെയുള്ള സ്ഥാനാര്‍ഥി വേണമെന്ന് ജില്ലാ നേതൃത്വത്തെ നിലപാട് അറിയിച്ചിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് രമ്യയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്ന വിമര്‍ശനവും ഉണ്ട്. അതോടൊപ്പം കോണ്‍ഗ്രസ് വോട്ട് പിളര്‍ത്താനുള്ള ശ്രമങ്ങള്‍ പി.വി.അന്‍വര്‍ എംഎല്‍എയും നടത്തുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ എന്‍.കെ.സുധീറിനെ അന്‍വര്‍ ചേലക്കരയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി അടുപ്പമുള്ള നേതാവാണ് സുധീര്‍. ഇത് കോണ്‍ഗ്രസ് വോട്ടുകള്‍ പിളര്‍ത്താന്‍ കാരണമാകും. ഈ സാഹചര്യം ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുകയെന്നും ചേലക്കരയിലെ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായമുണ്ട്.