ഒരു ചാക്ക് സിമന്റ് വിലയില്‍, മലബാര്‍ സിമന്റ്‌സ് 5 രൂപ കുറക്കും. ജൂലൈ 1 മുതല്‍ പുതിയ വില നിലവില്‍ വരും. പൊതു മേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായ ചര്‍ച്ചയില്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ നിര്‍ദ്ദേശപ്രകാരമാണ് വില കുറക്കാന്‍ തീരുമാനമായത്. നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.
സിമന്റ് വിപണിയില്‍ സംസ്ഥാന പൊതുമേഖലയുടെ വിഹിതം 25 ശതമാനമായി ഉയര്‍ത്തും. നിലവില്‍ 6 ശതമാനം മാത്രമാണിത്. ഇതിനാവശ്യമായ പദ്ധതികള്‍ മാസ്റ്റര്‍ പ്‌ളാനില്‍ ഉള്‍പ്പെടുത്തണമെന്ന് മന്ത്രി പി.രാജീവ് നിര്‍ദ്ദേശിച്ചു. സിമന്റ് വില കുറക്കാന്‍ നടപടി വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാന്‍ പല കമ്പനികളും തയ്യാറാവുന്നില്ല. കൊച്ചി തുറമുഖത്ത് ബേസിക് സിമന്റ് ഇറക്കുമതി ചെയ്ത് സിമന്റുല്‍പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കും. പൊതു മേഖലാ സ്ഥാപനങ്ങളുടെ ശേഷിയും ഗുണനിലവാരവും ഉയര്‍ത്താന്‍ നടപടിയുണ്ടാവും. സ്ഥാപന മേധാവികള്‍ക്ക് ഐ.ഐ.എമ്മില്‍ പരിശീലനം നല്‍കും. ഊര്‍ജ്ജ - പരിസ്ഥിതി ഓഡിറ്റിംഗ് ഏര്‍പ്പെടുത്തും. പുറം കരാറുകള്‍ നല്‍കുന്ന രീതി ഒഴിവാക്കും. പൊതു മേഖലയ്ക്ക് സ്വന്തം പര്‍ച്ചേസ് മാനുവല്‍ തയ്യാറാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.