Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ സിസിടിവി ക്യാമറ; ഡി.പി.ഐക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു

സിസിടിവി നീക്കം ചെയ്യാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടും പ്രിന്‍സിപ്പല്‍ അംഗീകരിച്ചില്ല

സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ സിസിടിവി ക്യാമറ; ഡി.പി.ഐക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു

രേണുക വേണു

, വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (09:11 IST)
കോട്ടയം ചങ്ങനാശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ പ്രിന്‍സിപ്പല്‍ സിസിടിവി ക്യാമറ സ്ഥാപിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചട്ടം രൂപീകരിക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മൂന്ന് ആഴ്ചക്കകം വിശദീകരണം ഹാജരാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
 
ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് സര്‍വീസില്‍ നിന്നും വിരമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലും നിലവില്‍ പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള അധ്യാപകനും പി.ടി.ഐയെ തെറ്റിദ്ധരിപ്പിച്ച് വനിതാ അധ്യാപകരുടെ സ്റ്റാഫ് മുറിയില്‍ സൗണ്ട് റിക്കോര്‍ഡിംഗ്, സൂം സംവിധാനങ്ങളുള്ള ക്യാമറയും സ്ഥാപിച്ചെന്നാണ് പരാതി. ഇതിനെതിരെ പരാതി നല്‍കിയ അഞ്ച് വനിതാ അധ്യാപകരെ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റി. ഡി.പി.ഐയുടെ ഉത്തരവ് ഒടുവില്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സിസിടിവിയില്‍ പതിയുന്ന ദൃശ്യങ്ങള്‍ പ്രിന്‍സിപ്പലിന്റെ മുറിയിലെ ടിവിയില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചുവെന്നും പരാതിയിലുണ്ട്.
 
സിസിടിവി നീക്കം ചെയ്യാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടും പ്രിന്‍സിപ്പല്‍ അംഗീകരിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളില്‍ സിസിടിവി സ്ഥാപിക്കരുതെന്ന മനുഷ്യാവകാശ കമ്മീഷന്റെ 2017 സെപ്റ്റംബര്‍ 13 ലെ ഉത്തരവ് സ്‌കൂള്‍ അധികൃതര്‍ ലംഘിച്ചു. കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2018 ജൂലൈ 12 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ 112803/18 നമ്പര്‍ ഉത്തരവും ലംഘിച്ചതായി പരാതിയില്‍ പറയുന്നു.
 
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ജീവനക്കാരുടേയും കുട്ടികളുടെയും സ്വകാര്യതയെ ലംഘിക്കുന്ന തരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവണത നിലവിലുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
 
സ്‌കൂളുകളില്‍ ആരുടെയും സ്വകാര്യത ലംഘിക്കാതെ എവിടെയെല്ലാം സിസിടിവി സ്ഥാപിക്കണം എന്നത് സംബന്ധിച്ചതടക്കമുള്ള മാര്‍ഗനിര്‍ദ്ദേശം ഡി.പി.ഐ പുറത്തിറക്കണമെന്നും അവകാശ ലംഘനം നടത്തിയ ചങ്ങനാശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലിനും മറ്റുള്ളവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. പൊതുസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഓഫീസ് അധികൃതരുടെ സ്വകാര്യ മൊബൈല്‍ ഫോണില്‍ കാണാന്‍ അനുവദിക്കരുതെന്നും  പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെപ്റ്റംബര്‍ ഏഴ്: കാസര്‍ഗോഡ് പ്രാദേശിക അവധി