എൻആർസിയും എൻപിആറും നടപ്പാക്കില്ല, സെന്‍സസ് ഡയറക്ടറെ അറിയിക്കും: സർക്കാർ
തദ്ദേശ വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
കേരളത്തില്‍ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊള്ളുകയായിരുന്നു. തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. തദ്ദേശ വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെയുള്ള പ്രതിസന്ധി മറികടക്കാനാണ്, പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് ബില്ലിന് അംഗീകാരം നല്‍കിയത്. ബില്‍ മന്ത്രിസഭ അംഗീകരിച്ചെങ്കിലും നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ഗവര്‍ണറെ റഫര്‍ ചെയ്ത് അറിയിക്കണം. ഈ ഘട്ടത്തില്‍ ഗവര്‍ണര്‍ ഇടപെടില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ജനുവരി 30 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 30ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ സമ്മേളനം തുടങ്ങുക.