ജനരക്ഷായാത്ര: പിണറായി വിജയന്റെ നാട്ടില്‍ കാല് കുത്താന്‍ അമിത് ഷാ, ചങ്കിടിപ്പോടെ ബിജെപി - കേന്ദ്രസേന എത്തിയേക്കും
ജനരക്ഷായാത്ര: പിണറായി വിജയന്റെ നാട്ടില്‍ കാല് കുത്താന്‍ അമിത് ഷാ, ചങ്കിടിപ്പോടെ ബിജെപി - കേന്ദ്രസേന എത്തിയേക്കും
ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുന്ന ജനരക്ഷായാത്ര കണ്ണൂരിൽ സംസ്ഥാന പൊലീസിന് തലവേദനയാകും. അടുത്തമാസം ഏഴിന് പയ്യന്നൂരിൽ നിന്ന് ആരംഭിക്കുന്ന പദയാത്രയിൽ അമിത് ഷായ്‌ക്കൊപ്പം ബിജെപി മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കുന്നതോടെയാണ് അതീവ സുരക്ഷ ഉറപ്പാക്കേണ്ട അവസ്ഥ പൊലീസിന് ഉണ്ടായിരിക്കുന്നത്.
പയ്യന്നൂരിൽ നിന്ന് ആരംഭിക്കുന്ന പദയാത്രയിൽ അമിത് ഷാ പയ്യന്നൂർ മുതൽ പിലാത്തറവരെ പങ്കെടുക്കും. മൂന്ന് ദിവസം അദ്ദേഹം കണ്ണൂരില്‍ ഉണ്ടാകും. റാലിയുടെ മൂന്നാംദിവസമാണ് മുഖ്യമന്ത്രിയുടെ സ്വദേശമായ പിണറായിലൂടെ യാത്ര കടന്നുപോകുന്നത്. ഇവിടേക്ക് ദേശീയ അധ്യക്ഷന്‍ എത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ സിപിഎം കേന്ദ്രങ്ങളെ പ്രകോപിപ്പിക്കാൻ ബിജെപി ശ്രമിക്കുമെന്നാണ് വിലയിരുത്തല്‍. ഇതാണ് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.
സിപിഎമ്മിനെ ലക്ഷ്യം വെച്ചുള്ള ജനരക്ഷായാത്രയില്‍ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് ദേശീയതലത്തില്‍ വാര്‍ത്ത എത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. പദയാത്ര മുഖ്യമന്ത്രിയുടേതടക്കമുള്ള സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലൂടെ കടന്നു പോകുന്നു എന്നതാണ് പൊലീസിന് വെല്ലുവിളിയാകുന്നത്. ഈ സാഹചര്യത്തില്‍ അമിത് ഷായുടെ സുരക്ഷയില്‍ ആശങ്കയുള്ള ബിജെപി കേന്ദ്ര നേതൃത്വം കേന്ദ്രസേനയെ എത്തിക്കാന്‍ നീക്കം നടത്തുമെന്നാണ് സൂചന.
പാർട്ടി ഗ്രാമങ്ങളായ പിണറായി, കൂത്തുപറമ്പ്, പയ്യന്നൂർ, പാനൂർ, കല്യാശേരി തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന റാലിയില്‍ സിപിഎമ്മിനെതിരെ വിമര്‍ശനമോ പ്രസ്‌താവനകളോ ബിജെപി നേതാക്കള്‍ നടത്തിയാല്‍ കാര്യം കൈവിട്ടു പോകും. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് അമിത് ഷായുടെ സുരക്ഷയ്‌ക്കായി കേന്ദ്രസേനയെ എത്തിക്കാന്‍ ശ്രമമുള്ളത്.
ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായി വിജയനെ ഒഴിവാക്കി ഹൈക്കോടതി വിധി പറഞ്ഞ നിമിഷം തന്നെ ആഹ്ലാദം അലയടിച്ച ഗ്രാമമാണ് മുഖ്യമന്ത്രിയുടെ നാടായ പിണറായി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ച് കഴിഞ്ഞ ദിവസം നിരത്തിലിറങ്ങിയത്. പാര്‍ട്ടിക്ക് ഇത്രയും വേരോട്ടമുള്ള പിണറായിയില്‍ വെച്ച് ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായി സംസാരിച്ചാല്‍ സാഹചര്യം എന്താകുമെന്ന് ബിജെപി പോലും ആശങ്കപ്പെടുന്നുണ്ട്.