പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം; സംസ്ഥാനത്ത് ബാറുകള്‍ വീണ്ടും തുറക്കുന്നു - ജി സുധാകരന്റെ എതിര്‍പ്പിന് അവഗണന
പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം; സംസ്ഥാനത്ത് ബാറുകള്‍ വീണ്ടും തുറക്കുന്നു
സംസ്ഥാനത്തു കൂടുതൽ ബാറുകൾ തുറക്കാൻ വഴിയൊരുക്കി മന്ത്രിസഭാ തീരുമാനം. നഗരപരിധിയിലെ സംസ്ഥാന, ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്‌ത് കോര്‍പ്പറേഷന്‍, നഗരസഭാ പരിധിയിലെ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാൽ പഞ്ചായത്തുകളെ നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ
പരിഗണിച്ചിട്ടില്ല.
വിനോദ സഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കാനാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം. ഇതോടെ മുന്നൂറോളം ബാറുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുമെന്നാണു കരുതപ്പെടുന്നത്. ദേശീയ- സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പന പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതിനാണ് പാതകള്‍ ഡീനോട്ടിഫൈ ചെയ്യുന്നത്.
പ്രാഥമിക കണക്കുകൾ പ്രകാരം ഇതോടെ 129 ബീയർ – വൈൻ പാലറുകൾ തുറക്കാനാകും. ഇതിൽ ത്രീസ്റ്റാർ പദവിക്കു മുകളിലുള്ള 70എണ്ണം ബാറുകളായി മാറും. 76 കള്ളുഷാപ്പുകൾ, 10 മദ്യവിൽപ്പനശാലകൾ, നാലു ക്ലബുകൾ എന്നിവയും തുറക്കാൻ വഴിയൊരുങ്ങും.
സംസ്ഥാന പാതകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന നടപടി പാടില്ലെന്ന പൊതുമരമാത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.