തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. കുംഭമാസത്തെ കാർത്തിക നക്ഷത്തിൽ ദേവിയെ കാപ്പുകെട്ടി കുറ്റിയിരുത്തിയതോടെയാണ് പത്ത് ദിവസം നീണ്ട പൊങ്കാല ഉത്സവത്തിനു തുടക്കമായത്. ഫെബ്രുവരി പതിനേഴ് വ്യാഴാഴ്ചയാണ് ഇത്തവണത്തെ പൊങ്കാല.
ബുധനാഴ്ച രാവിലെ 10.50 നായിരുന്നു കാപ്പ് കെട്ടു ചടങ്ങ്. പഞ്ചലോഹത്തിൽ നിർമ്മിച്ച രണ്ട് കാപ്പുകളിൽ ഒന്ന് ദേവിയുടെ കുറ്റവാളിലും മറ്റൊന്ന് മേൽശാന്തി ഈശ്വരൻ നമ്പൂതിരിയുടെ കൈയിലും കെട്ടും. ഇനി ഉത്സവം തീരുന്നതുവരെ മേൽശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തന്നെ കഴിയും. ക്ഷേത്ര തന്ത്രി കുഴിക്കാട്ടില്ലത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. തുടർന്ന് പച്ചപ്പന്തലിൽ തോറ്റംപാട്ടും തുടങ്ങി. ചിലപ്പതികാരത്തിലെ കണ്ണകിയുടെ അവതാര കഥയാണ് പാടുന്നത്.
നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തവണത്തെ പൊങ്കാല ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രം മതിയെന്നാണ് ഇതുവരെയുള്ള തീരുമാനം. എന്നാൽ പതിനാലിന് നടക്കുന്ന സർക്കാർ അവലോകന യോഗത്തിലെ തീരുമാനമാവും അന്ത്യമായുള്ളത്. അവരവരുടെ വീടുകളിലാണ് കഴിഞ്ഞ വര്ഷം പൊങ്കാലയിട്ടത്. പൊതുസ്ഥലങ്ങളിലെ പൊങ്കാല വേണ്ടെന്നു വച്ചിരുന്നു.