കേന്ദ്രത്തിന്റെ ഇടപെടല്‍ തുടങ്ങി; അറ്റ്‌ലസ് രാമചന്ദ്രന്റെ കേസുകള്‍ ഒത്തുതീരുന്നു - ജനങ്ങളുടെ വിശ്വസ്തന്‍ നാട്ടിലേക്ക് ?
അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്ര ഇടപെടല്‍
ജ്വല്ലറി ശൃംഖലകളുടെ ഉടമയും പ്രമുഖ വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടുന്നു. ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളില്‍ 2015 മുതലാണ് അറ്റ്ലസ് രാമചന്ദ്രന്‍ ദുബായിൽ ജയിലിലായത്.
ഇക്കാര്യവുമായി ബന്ധപ്പെട്ട് രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് രാമചന്ദ്രന്റെ ബാധ്യതാവിവരങ്ങള്‍ കുമ്മനം വഴി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറിയത്.
പ്രധാനപ്പെട്ട 12 കേസില്‍ 11 എണ്ണവും ഒത്തുതീര്‍പ്പാക്കാന്‍ എതിര്‍കക്ഷികള്‍ സമ്മതിച്ചതായാണു പുറത്തുവരുന്ന വിവരം. നാട്ടിലും വിദേശത്തുമുള്ള രാമചന്ദ്രന്റെ സ്വത്തുവിവരങ്ങള്‍ എതിര്‍കക്ഷികളെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ജയിലില്‍ നിന്ന് പുറത്തുവന്നാലുടൻ എല്ലാ ബാധ്യതകളും തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ധരിപ്പിച്ചിട്ടുണ്ട്.
സ്വത്തുവിവരം അറിഞ്ഞതിനെ തുടർന്ന് രാമചന്ദ്രന്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയാണെങ്കില്‍ കേസില്‍നിന്നു പിന്മാറുമെന്നാണ് ബാങ്കുകള്‍ അറിയിച്ചത്. കടം വീട്ടാനുള്ള ശേഷി അദ്ദേഹത്തിനുണ്ടെന്ന് അവര്‍ക്ക് ബോധ്യമായതോടെയാണിത്. എംബസിവഴി ഇതിനുള്ള രേഖകളെല്ലാം കൈമാറി എന്നാണു വിവരം.