'ആ ചേട്ടന്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ടപ്പോള്‍ സ്വന്തം വീട്ടിലെ ഒരാളെയാണ് ഞാന്‍ അവിടെ കണ്ടത്,' പുന്നപ്ര സഹകരണ എന്‍ജിനിയറിങ് കോളേജിലെ വനിതാ ഹോസ്റ്റല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ (ഡി.സി.സി) കോവിഡ് രോഗിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടപ്പോള്‍ ആംബുലന്‍സിന് കാത്തുനില്‍ക്കാതെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച രണ്ട് പേരില്‍ ഒരാളായ രേഖ പറഞ്ഞു. അശ്വിന്‍ കുഞ്ഞുമോന്‍ എന്ന ചെറുപ്പക്കാരനായിരുന്നു രേഖയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ഇരുവരുടെയും അവസരോചിതമായ ഇടപെടല്‍ ഒരു ജീവന്‍ രക്ഷിച്ചു.
'ആ സമയത്ത് മറ്റൊന്നും ഞങ്ങളുടെ ചിന്തയിലുണ്ടായിരുന്നില്ല. ഒരു ജീവന്‍ രക്ഷിക്കുക എന്നതിനു മാത്രമാണ് മുന്‍ഗണന നല്‍കിയത്. ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതിന്റെ സന്തോഷമുണ്ട് ഞങ്ങള്‍ക്ക്. ഒരു പേടിയും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ആ ചേട്ടന്റെ സ്ഥാനത്ത് സ്വന്തം വീട്ടുകാരെയാണ് ഞാന്‍ കണ്ടത്. എന്ത് വില കൊടുത്തും ആ ജീവന്‍ രക്ഷിക്കണമെന്ന് എനിക്കുണ്ടായിരുന്നു. പി.പി.ഇ. കിറ്റ് ഇട്ടിട്ടില്ല ആ സമയത്ത് നില്‍ക്കുന്നതെങ്കിലും ഞാന്‍ ആ ചേട്ടനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായിരുന്നു,' രേഖ വെബ് ദുനിയ മലയാളത്തോട് പറഞ്ഞു.
തങ്ങള്‍ ചെയ്ത ഒരു നല്ല കാര്യത്തെ ചില മാധ്യമങ്ങള്‍ ഇത്ര മോശമായി ചിത്രീകരിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് അശ്വിന്‍ കുഞ്ഞുമോന്‍. പുന്നപ്ര സഹകരണ എന്‍ജിനിയറിങ് കോളേജിലെ വനിതാ ഹോസ്റ്റല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ ശ്വാസംമുട്ടല്‍ മൂലം ബുദ്ധിമുട്ട് അനുഭവിച്ച കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചവരാണ് അശ്വിന്‍ കുഞ്ഞുമോനും രേഖയും. ഇരുവരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. ഗുരുതര വീഴ്ച എന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ ഇതിനെ ചിത്രീകരിച്ചത്. എന്നാല്‍, ആംബുലന്‍സ് വരാന്‍ കാത്തുനില്‍ക്കാതെ രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത് ഒരു ജീവന്‍ തന്നെ രക്ഷിക്കാന്‍ കാരണമായതിന്റെ അഭിമാനത്തിലും സന്തോഷത്തിലുമാണ് ഇരുവരും.
'രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചു. പി.പി.ഇ. കിറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. ആംബുലന്‍സ് വരാന്‍ വൈകുമെന്ന് അറിഞ്ഞപ്പോഴാണ് ബൈക്കില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്. രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം ഞങ്ങള്‍ മടങ്ങി. പിന്നീട് വീട്ടിലെത്തി പി.പി.ഇ. കിറ്റ് മാറ്റി കുളിച്ചു. കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ഞങ്ങള്‍ എന്തോ ഗുരുതര കുറ്റകൃത്യം നടത്തിയ പോലെ ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇതെല്ലാം ചെയ്തത്. പക്ഷേ, ഇതിനെ മറ്റൊരു രീതിയിലാണ് പലരും ചിത്രീകരിച്ചത്. വലിയ വിഷമം തോന്നി,' അശ്വിന്‍ പറഞ്ഞു.
പുന്നപ്ര സഹകരണ എന്‍ജിനിയറിങ് കോളേജിലെ വനിതാ ഹോസ്റ്റല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ (ഡി.സി.സി) ഭക്ഷണം എത്തിക്കാന്‍ വന്നതാണ് അശ്വിന്‍ കുഞ്ഞുമോനും രേഖയും. ഇരുവരും എത്തിയ സമയത്താണ് മുകളിലെ നിലയില്‍ ഒരു കോവിഡ് രോഗി ശ്വാസംമുട്ടല്‍ മൂലം ബുദ്ധിമുട്ടുന്നതായി അറിഞ്ഞത്. അശ്വിനും രേഖയും മുകളിലേക്ക് പോയി. ഇരുവരുടെയും അവസരോചിതമായ ഇടപെടല്‍ 37 കാരന്റെ ജീവന്‍ രക്ഷിച്ചു.
പി.പി.ഇ. കിറ്റ് ധരിച്ചാണ് അശ്വിനും രേഖയും ഭക്ഷണം നല്‍കാനെത്തിയത്. എന്നാല്‍, ഇങ്ങനെയൊരു സമയത്ത് പി.പി.ഇ. കിറ്റ് ഇല്ലെങ്കിലും തങ്ങള്‍ ആ രോഗിയെ ആശുപത്രിയില്‍ എത്തിക്കുമെന്ന് അശ്വിന്‍ പറയുന്നു. 'പി.പി.ഇ. കിറ്റ് ഇല്ലെങ്കിലും ഒരാള്‍ ജീവനുവേണ്ടി കേഴുന്ന സമയത്ത് നമ്മള്‍ ഇതല്ലേ ചെയ്യൂ. കൂടിപോയാല്‍ കോവിഡ് വരും, അല്ലെങ്കില്‍ കുറച്ച് ദിവസം ക്വാറന്റൈനില്‍ ഇരിക്കേണ്ടിവരും. അതിനേക്കാള്‍ വില ഒരു ജീവനില്ലേ,' അശ്വിന്‍ വെബ് ദുനിയ മലയാളത്തോട് പറഞ്ഞു.
'ശ്വാസം എടുക്കാന്‍ ഈ രോഗി വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. മുകളിലെ നിലയില്‍ നിന്ന് താഴെ ഇറക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ഞാനും രേഖയും മാത്രം ശ്രമിച്ചാല്‍ അത് നടക്കില്ല. ഈ രോഗിക്കൊപ്പം അവിടെ താമസിക്കുന്ന പലരോടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍, താഴെ ഇറക്കാന്‍ ആരും സഹായിച്ചില്ല. എല്ലാവരും ഫോണില്‍ വീഡിയോ എടുത്ത് നില്‍ക്കുകയായിരുന്നു. പിന്നീട് താഴെ നിന്ന് ഒരാള്‍ എത്തിയാണ് ഞങ്ങളെ സഹായിച്ചത്. താഴെ എത്തിയപ്പോള്‍ ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് എത്താന്‍ പത്ത് മിനിറ്റെങ്കിലും വൈകുമെന്ന് മനസിലായി. രോഗിയുടെ ആരോഗ്യനില വളരെ മോശമായിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് റിസപ്ഷനില്‍ നിന്ന് രോഗിയെ ബൈക്കില്‍ കൊണ്ടുപോകാമോ എന്ന് ചോദിക്കുന്നത്. ഞങ്ങള്‍ സമ്മതിച്ചു. പേടിയൊന്നും തോന്നിയില്ല. ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയല്ലേ, അതുകൊണ്ട് സന്തോഷത്തോടെ അത് ചെയ്തു,' ഇരുവരും പറയുന്നു.
പുന്നപ്ര പറവൂര്‍ പുത്തന്‍പറമ്പ് കുഞ്ഞുമോന്റെ മകനാണ് ഡിവൈഎഫ്‌ഐ ഭഗവതിക്കല്‍ യൂണിറ്റ് സെക്രട്ടറി കൂടിയായ അശ്വിന്‍ കുഞ്ഞുമോന്‍(23). വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് അശ്വിന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. വാടയ്ക്കല്‍ കന്നിട്ടവെളി രജിമോന്റെ മകളായ രേഖ(21)യും ഡിവൈഎഫ്‌ഐ എകെജി യൂണിറ്റ് അംഗമാണ്.