ബാലഭാസ്‌കര്‍ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചിരുന്നതു ഡ്രൈവർ അർജുനാണെന്ന് ഫൊറൻസിക് റിപ്പോർട്ട്. അർജുന്റെ മുറിവുകളും കാറും പരിശോധിച്ചാണു കണ്ടെത്തൽ. റിപ്പോർട്ട് ക്രൈബ്രാഞ്ച് ഡിവൈഎസ്‌പി കെ ഹരികൃഷ്‌ണന് ഫോറൻസിക് അധികൃതർ നൽകി.
ആരാണു കാറോടിച്ചതെന്നതിനു ശാസ്ത്രീയമായ തെളിവു ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. വാഹനത്തില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ബാലഭാസ്കറിന്‍റെയും ഭാര്യ ലക്ഷ്മിയുടെയും കുട്ടിയുടെയും ആഭരണങ്ങളാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. ആഭരണങ്ങള്‍ നേരത്തെ തന്നെ പൊലീസ് ലക്ഷ്മിക്ക് കൈമാറി.
അതേസമയം; ബാലഭാസ്കർ കൊല്ലത്തെ ജ്യൂസ് കടയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ജമീല്‍, സനല്‍രാജ് എന്നിവര്‍ക്കൊപ്പമാണ് പ്രകാശൻ തമ്പി എത്തിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. കൊല്ലത്തെ ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചു. ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി കടത്തിയെന്ന് വ്യക്തമാകാന്‍ കൂടെയെത്തിയ ജമീലിനെയും സനല്‍രാജിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഫോറന്‍സിക് പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തും.