കിലോമീറ്റര്‍ നീണ്ട ഗതാഗത കുരുക്ക് രൂപപെട്ടിട്ടും ടോള്‍ഗേറ്റ് തുറന്നു നല്‍കാത്തതിനെതിരെ ടോള്‍പ്ലാസ അധികൃതര്‍ക്ക് കലക്ടറുടെ താക്കീത്. തൃശൂര്‍ ജില്ലയിലെ പാലിയേക്കര ടോള്‍പ്ലാസയിൽ ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം.
തിരുവനന്തപുരത്തു നിന്ന് ജില്ല കലക്ടര്‍മാരുടെ യോഗം കഴിഞ്ഞുവരികയായിരുന്നു അനുപമ. ഈ സമയം ടോള്‍പ്ലാസയ്ക്ക് ഇരുവശത്തും ഒന്നര കിലോമീറ്റര്‍ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. 15 മിനിറ്റോളം അനുപമ കാത്തിരുന്നു. ശേഷമാണ് ടോള്‍ബൂത്തിനു മുന്നിലെത്തിയത്.
ടോള്‍പ്ലാസ സന്റെറിനുള്ളില്‍ കാര്‍ നിര്‍ത്തിയ കലക്ടര്‍ ജീവനക്കാരെ വിളിച്ചുവരുത്തി. തുടര്‍ന്ന് ടോള്‍പ്ലാസയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ടോള്‍ബൂത്ത് തുറന്നുകൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ എല്ലാ വാഹനങ്ങളും കടത്തിവിട്ട ശേഷമാണ് കളക്ടര്‍ മടങ്ങിയത്.
ദീര്‍ഘദൂരയാത്രക്കാര്‍ ഏറെനേരം കാത്തുനില്‍ക്കുമ്പോഴും പൊലീസ് പ്രശ്നത്തില്‍ ഇടപെടാതിരുന്നതാണ് കലക്ടറുടെ ശാസനക്ക് കാരണമായത്.