മംഗളം ചാനൽ നടത്തിയത് ധാർമികമായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടി ചാനലിൽ നിന്നും ഒരാൾ കൂടി രാജിവെച്ചു. മംഗളം ടിവിയില്‍ തൃശൂര്‍ ബ്യൂറോ റിപ്പോര്‍ട്ടറായ നിതിന്‍ അംബുജനാണ് ഇന്ന് രാജി പ്രഖ്യാപിച്ചത്. മുൻമന്ത്രി എ കെ ശശീന്ദ്രന്റെ ലൈംഗീക ചുവയുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട സംഭവത്തോട് വിയോജിപ്പ് അറിയിച്ചാണ് നിതിന്റെ രാജി.
നിതിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നലെ വരെ ഞാൻ മംഗളം ടെലിവിഷൻ കുടുബാംഗമായിരുന്നു. ഇന്ന് മംഗളം ടെലിവിഷൻ എന്നെയേൽപ്പിച്ച ഉത്തരവാദിത്തമായ തൃശ്ശൂർ ബ്യൂറോ റിപ്പോർട്ടർ സ്ഥാനത്ത് നിന്ന് രാജിവെച്ചിരിക്കുകയാണ്. ഫെബ്രുവരി 8നായിരുന്ന ജേർണലിസ്റ്റ് ട്രെയിനി എന്ന നിലയിൽ ഞാൻ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. ഫെബ്രുവരി 24ന് തൃശ്ശൂർ ബ്യൂറോയിലെ ചാനൽ റിപ്പോർട്ടറായി ചുമതലയേൽക്കുകയും ചെയ്തു.
മാധ്യമ പ്രവർത്തനമെന്നത് ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടും,സാധാരണക്കാർ ഇപ്പോഴും മാധ്യമപ്രവർത്തനത്തിൽ വിശ്വാസ്തയർപ്പിക്കന്നതു കൊണ്ടും ഏൽപ്പിച്ച ചുമതലയെ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഏറ്റെടുത്തത്. ചാനലിന്റെ ഭാഗമായി നിൽക്കുന്ന വ്യക്തയെന്ന നിലയിൽ ഇതിന്റെ ഉദ്ഘാടനവേളയിലും ചാനൽ ഒരു ബ്രേക്കിംഗ് ന്യൂസ് പുറത്തുവിടുമെന്ന് ഞാനും ഏറെ പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാൽ 26ന് 11 മണിക്ക് ചാനൽ ഓൺഎയർ ചെയ്ത ബ്രേക്കിംഗ് ന്യൂസിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തട്ടെ. ന്യൂസ് പുറത്ത് വിട്ടതിന് ശേഷം അനേകം ചോദ്യങ്ങൾ ഉയർന്നു. ആ സംഭാഷണത്തിലെ സ്ത്രി ആരാണ്, എന്താണ് മന്ത്രിയോടുള്ള പരാതി, സംഭാഷണം വഴിവിട്ട രീതിയിൽ പോകുന്നുവെന്നറിഞ്ഞിട്ടും എന്ത് കൊണ്ട് മറുഭാഗത്തുള്ള വ്യക്തി ഫോൺ കട്ട് ചെയ്തില്ല (അതിനർഥം അവരുടെ ഇഷ്ടപ്രകാരമുള്ള സംഭാഷണമായിട്ടല്ലേ അതിനെ കാണേണ്ടത് ), ഇതിൽ അവർക്ക് പരാതിയുണ്ടോ, ഇല്ലയോ എന്ന് മംഗളത്തിനല്ലാതെ പുറംലോകത്തിനറിയില്ല.
ഇനി മാധ്യമ പ്രവർത്തകരാണെന്ന് കരുതി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് ചെല്ലാമോ ?
ഇത്തരത്തിൽ ഉയർന്നു വന്ന വിവാദ ചോദ്യങ്ങൾക്ക് ചാനൽ രണ്ട് ദിവസത്തിനുള്ളിൽ മറുപടി നൽക്കുമെന്ന് കരുതി. എന്നാൽ വാർത്ത പുറത്ത് വിട്ട് നാലുനാൾ കഴിഞ്ഞിട്ടും സമൂഹത്തിൽ നിന്ന് ഉയർന്ന് വന്ന് ഇത്തരം ചോദ്യങ്ങൾക്ക് ചാനലിന് ഇത് വരെ വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. ഇത് ചില ഓൺലൈൻ പോർട്ടലുകൾ പുറത്തുവിട്ടതാണ്.
വാസ്തവമെന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ്. അങ്ങനെയെങ്കിൽ അത് മാധ്യമ പ്രവർത്തനമല്ല എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. അത്തരം മാധ്യമ പ്രവർത്തനത്തോട് യോജിപ്പുമില്ല. പഠിച്ചതും, ചെയ്യാനാഗ്രഹിക്കുന്നതും അത്തരം മാധ്യമ പ്രവർത്തനമല്ല. അത് കൊണ്ട് തന്നെ ആ പ്രവർത്തന രീതി മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന ഉറച്ച വിശ്വസത്തോടെയാണ് ആ സ്ഥാപനവുമായിട്ടുള്ള ബന്ധം വിട്ടത്.
സ്ത്രീ സുരക്ഷയക്ക് പ്രാധാന്യം നൽകി കൊണ്ട് തുടക്കം കുറിച്ച്, ചാനൽ പുറത്ത് വിട്ട വാർത്തയ്ക്ക് ശേഷം വനിതാ മാധ്യമ പ്രവർത്തകരാകെ സംശയത്തിന്റെ നിഴലിലായി.
സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും ധാർമ്മികതയുടെയുമൊക്കെ അതിർത്തികൾ കൂടുതൽ അവ്യക്തമാവുകയും ചെയ്തു. ചാനൽ ലോഞ്ച് ചെയ്ത പിറ്റേ ദിവസങ്ങളിൽ തന്നെ മലപ്പുറം സ്വദേശിനി തന്റെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന രീതിയിലുള്ള പരാതിയുമായി രംഗത്തെതുകയും ചെയ്തു. അത് തന്നെയാണ് മംഗളത്തിൽ നിന്ന് പടിയിറങ്ങാം എന്ന നിലപാടിലേക്ക് കൊണ്ടെത്തിച്ചത്.
അതിന്യൂനപക്ഷം വരുന്ന സ്ഥാപിത താൽപ്പര്യക്കാർക്കൊഴികെ ബഹുഭൂരിപക്ഷം തൊഴിലാളികൾക്കും സത്യത്തെക്കുറിച്ചും ഉള്ളുകളികളെക്കുറിച്ചും ഉപജാപങ്ങളെക്കുറിച്ചും അറിയില്ലെന്നിരിക്കെ, പാപഭാരം പേറിയും ആക്ഷേപ വർഷം സഹിച്ചും, നിവൃത്തികേടുകൊണ്ട് അവിടെ തുടരുന്നവർക്ക് എന്റെ പൂർണ്ണ പിന്തുണ.
മംഗളം ടെലിവിഷൻ അംഗമെന്ന നിലയിൽ വാർത്ത വന്നതിന് ശേഷം വ്യക്തിപരമായും അല്ലാതെയും അത്തരം മാധ്യമ സംസ്കാരത്തോട് യോജിക്കുന്നുണ്ടോ എന്ന് ചോദിച്ചവരോടുള്ള മറുപടിയാണിത്.