ദിലീപിന്റെ കത്ത് ആയുധമാക്കി പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കും; മോഹൻലാൽ തിരിച്ചെത്തിയാലുടൻ എക്സിക്യൂട്ടീവ് യോഗം - രാജിവച്ച നടിമാര്‍ സഹോദരിമാരെന്ന് ഇടവേള ബാബു
ദിലീപിന്റെ കത്ത് ആയുധമാക്കി പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കും; മോഹൻലാൽ തിരിച്ചെത്തിയാലുടൻ എക്സിക്യൂട്ടീവ് യോഗം - രാജിവച്ച നടിമാര്‍ സഹോദരിമാരെന്ന് ഇടവേള ബാബു
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ നീക്കം.
സംഘടനയിലേക്ക് തിരിച്ചെത്താനില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചതോടെയാണ് പുതിയ നീക്കവുമായി അമ്മ രംഗത്തുവന്നത്. ദിലീപിന്റെ കത്ത് എക്‍സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും രാജിവച്ച നടിമാരുമായി കൂടിക്കാഴ്‌ച നടത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം.
അമ്മയുടെ പ്രസിഡന്റായ നടൻ മോഹൻലാൽ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ വിദേശത്താണ്. അദ്ദേഹം ജൂലൈ 12ന് തിരിച്ചെത്തിയാലുടൻ എക്സിക്യൂട്ടീവ് യോഗം ചേരും. ഈ യോഗത്തിലാകും നിര്‍ണ്ണായക തീരുമാനമുണ്ടാകുക.
മോഹന്‍ലാല്‍ തിരിച്ചെത്തുന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് യോഗത്തിന്റെ തിയതി പ്രഖ്യാപിക്കും. അതേസമയം, നിലപാടില്‍ മാറ്റം വരുത്തി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു രംഗത്തുവന്നു. രാജിവച്ച നടിമാര്‍ ശത്രുക്കളല്ലെന്നും അവര്‍ സഹോദരിമാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
നടിമാരെ പിന്തുണയ്‌ക്കാന്‍ സിനിമാ - രാഷ്ട്രീയ മേഖലകളിൽ നിന്നും കൂടുതൽ പേരെത്തിയതോടെയാണ് വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ അമ്മ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.