Select Your Language

Notifications

webdunia
webdunia
webdunia
webdunia

3 കോടിയോളം തെരഞ്ഞെടുപ്പ് ഫണ്ട് കിട്ടി, കണക്കിൽ വെറും 35 ലക്ഷം! - കെ സുരേന്ദ്രൻ വെട്ടിച്ചത് കോടികൾ?

‘രസിക്കാത്ത സത്യങ്ങൾ' എന്ന തലക്കെട്ടിലാണ് ലഘുലേഖ പ്രചരിക്കുന്നത്.

3 കോടിയോളം തെരഞ്ഞെടുപ്പ് ഫണ്ട് കിട്ടി, കണക്കിൽ വെറും 35 ലക്ഷം! - കെ സുരേന്ദ്രൻ വെട്ടിച്ചത് കോടികൾ?
, വെള്ളി, 14 ജൂണ്‍ 2019 (16:02 IST)
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ഫണ്ട് വെട്ടിപ്പ് ആരോപണം ഉള്‍പ്പെടെ നിരവധി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ലഘുലേഖ പ്രചരിക്കുന്നു. സുരേന്ദ്രന്‍ വോട്ട് കച്ചവടം നടത്തി, ഫണ്ട് ചെലവാക്കാതെ മുക്കി എന്നിവയാണ് പ്രധാന ആരോപണങ്ങൾ. സുരേന്ദ്രന്‍ മത്സരിച്ച പത്തനംതിട്ടയില്‍ നിന്നാണ് ലഘുലേഖ പ്രചരണം തുടങ്ങിയത്. സംസ്ഥാന ഭാരവാഹികള്‍ക്കും ദേശീയ നേതൃത്വത്തിനുമെല്ലാം ഇതിന്റെ കോപ്പി ലഭിച്ചു.
 
‘രസിക്കാത്ത സത്യങ്ങൾ' എന്ന തലക്കെട്ടിലാണ് ലഘുലേഖ പ്രചരിക്കുന്നത്. സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ മത്സരിച്ച യുഡിഎഫിലെ അടൂര്‍ പ്രകാശുമായി ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്നാണ് പ്രധാന ആക്ഷേപം. അടൂര്‍ പ്രകാശിന്റെ ബന്ധുവിന്റെ തിരുവനന്തപുരത്തെ ഹോട്ടലില്‍ ചര്‍ച്ച നടത്തി. ഈയടുത്ത് ബിജെപിയില്‍ തിരിച്ചെടുത്ത വിവി രാജേഷും ചര്‍ച്ചയില്‍ പങ്കാളിയായെന്ന് ലഘുലേഖ പറയുന്നു.
 
ആറ്റിങ്ങലില്‍ പ്രകാശിന് ബിജെപി വോട്ട് മറിച്ചുനല്‍കും. അടൂര്‍ പ്രകാശ് വിജയിച്ചാല്‍ കോന്നിയിലെ ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായെത്തും. അപ്പോള്‍ പ്രത്യുപകാരമായി പ്രകാശ് കോണ്‍ഗ്രസ് വോട്ടുകള്‍ നല്‍കി സഹായിക്കുമെന്നും ധാരണയുണ്ടാക്കി. വോട്ടുകച്ചവടത്തില്‍ 25 ലക്ഷം രൂപ കൈപ്പറ്റിയെന്നും ലഘുലേഖയില്‍ പറയുന്നു.
 
ഇതോടൊപ്പം തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിനെക്കുറിച്ചുള്ള സൂചനകളും ലഘുലേഖയിലുണ്ട്. ബിജെപി സംസ്ഥാന നേതൃത്വം പത്തനംതിട്ടയില്‍ പ്രചാരണത്തിനായി അഞ്ചുകോടി രൂപ നല്‍കി. കൂടാതെ പല പ്രമുഖരില്‍നിന്നായി 2.85 കോടിയും സമാഹരിച്ചു.
 
ഒരു മഠത്തില്‍നിന്ന് 15 ലക്ഷം, ജ്വല്ലറി ഉടമയടക്കമുള്ളവര്‍ പത്തുലക്ഷം, എന്‍ആര്‍ഐ സെല്‍ പത്തുലക്ഷം തുടങ്ങിയ തുകകള്‍ മാത്രമാണ് കണക്കില്‍പ്പെടുത്തിയതെന്നും ലഘുലേഖ വ്യക്തമാക്കുന്നു. ലോക്‌സഭാ–നിയമസഭാ തെരഞ്ഞെടുപ്പുകളിലായി കാസര്‍കോട്ടും മഞ്ചേശ്വരത്തും മത്സരിച്ചപ്പോഴും ഫണ്ട് വെട്ടിച്ച ആരോപണമുയര്‍ന്നതും ലഘുലേഖയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
 
കാസര്‍ഗോഡ് മണ്ഡലത്തില്‍ 2014 ല്‍ ലോക്‌സഭയിലേക്കും 2016ല്‍ നിയമസഭയിലേക്കും പ്രചരണത്തിന് നല്‍കിയത് ഒന്നരക്കോടി രൂപയാണ്. ഇതിനു പുറമേ സംഭാവനയായും തുക ലഭിച്ചിട്ടുണ്ട്. ഈ ഫണ്ട് സുരേന്ദ്രന്‍ സ്വന്തമായിട്ടാണ് കൈകാര്യം ചെയ്തത്. തെരഞ്ഞെടുപ്പ് കണക്ക് അവതരിപ്പിക്കുകയോ നേതൃത്വത്തിന് കണക്ക് കൈമാറുകയോ ചെയ്തിട്ടില്ലെന്നും ലഘുലേഖയില്‍ ആരോപിക്കുന്നു.
 
അതേസമയം ആരോപണവും ലഘുലേഖയും സുരേന്ദ്രന്‍ വിഭാഗം തള്ളി. സംസ്ഥാന പ്രസിഡന്റ് പദം നഷ്ടമാകുമെന്ന ഭീതിയില്‍ പി എസ് ശ്രീധരന്‍ പിള്ള പക്ഷമാണ് ഇതിനു പിന്നിലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നത് എന്തിന്, തീരുമാനം കളക്ടർമാരെ ലക്ഷ്യംവക്കുന്നത് ?