കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ദേശീയ പണിമുടക്ക് തുടങ്ങി. തിങ്കളാഴ്ച അർധരാത്രിയോടെയാണ് പണിമുടക്ക് ആരംഭിച്ചത്. ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരം റെയിൽവേസ്റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിനുകൾ തടയുന്നു. ജനശതാബ്ദി, രപ്തിസാഗർ എക്സ്പ്രസ് ട്രെയിനുകൾ തടഞ്ഞിട്ടിരിക്കുകയാണ്. അഞ്ച് മണിക്ക് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി ആറരയ്ക്കാണ് പുറപ്പെട്ടത്.
പ്രതിപക്ഷ കക്ഷികൾ പ്രത്യക്ഷമായും പരോക്ഷമായും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഫലത്തില്‍ ബന്ദിന് സമാനമായിരിക്കുകയാണ് പണിമുടക്ക്. പൊതുഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയവയടക്കം പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.
ആളുകൾക്കുനേരെ ആക്രമണമുണ്ടാവുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയ്താൽ ഉടൻ അറസ്റ്റ് ചെയ്യാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ മാർഗനിർദേശം പുറപ്പെടുവിച്ചു. പലപ്പോഴായുണ്ടായ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലാണിത്.