തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സൂപ്പർ സ്പ്രെഡ് ഉണ്ടായ തിരുവനന്തപുരത്തെ പൂന്തുറയിൽ പ്രതിഷേധം. കൊവിഡ് വ്യാപനത്തെ തുടർന്നേർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ കാരണം ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പൊലീസ് അനുവദിക്കില്ലെന്ന് പറഞ്ഞ് ജനം തെരുവിലിറങ്ങി.പൂന്തുറയിൽ കൊവിഡ് വ്യാപിക്കുന്നുവെന്ന വാർത്തകൾ വ്യാജ പ്രചാരണമാണെന്നും പ്രതിഷേധക്കാർ അവകാശപ്പെടുന്നു.
പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാർഡിൽ മാത്രം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും അവശ്യസാധനങ്ങൾ തൊട്ടടുത്ത പ്രദേശത്തെ കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ പോലും പൊലീസ് അനുമതി നൽകുന്നില്ലെന്നാണ് പരാതി.ഇത് ആദ്യം പോലീസിനെതിരായ വാക്കേറ്റത്തിനും തുടർന്ന് പ്രതിഷേധങ്ങൾക്കും കാരണമായി.
അടുത്തടുത്ത് വളരെയധികം ആളുകൾ തിങ്ങിപാർക്കുന്ന തീരദേശമേഖലയാണ് പൂന്തുറയും അതിനോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളും.അതുകൊണ്ട് രോഗവ്യാപന സാധ്യത വളരെ കൂടുതലാണെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിലയിരുത്തുന്നത്.എന്നാൽ ഇവിടെ അത്യാവശ്യ ചികിത്സയൊ സാധനങ്ങളോ കിട്ടാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് നാട്ടുകാരുടെ ആരോപണം.