ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിലായിരുന്നു. അദ്ദേഹത്തിന് 94 വയസായിരുന്നു.
ഇത്തവണത്തെ ജ്ഞാനപീഠ പുരസ്‌കാരം സ്വീകരിച്ച് അധികം വൈകുന്നതിന് മുമ്പാണ് അദ്ദേഹത്തിന്‍റെ വിടപറയല്‍. വിവിധ തലങ്ങളിലായി അമ്പതോളം കൃതികള്‍ രചിച്ചിട്ടുള്ള അക്കിത്തത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ ധാരാളം ബഹുമതികൾ ലഭിച്ചു. രാജ്യം അദ്ദേഹത്തെ പത്‌മശ്രീ നല്‍കി ആദരിച്ചിരുന്നു.
1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചത്. എട്ടുവയസ്സുമുതൽ കവിതയെഴുതുമായിരുന്ന അദ്ദേഹം വേദത്തില്‍ പാണ്ഡിത്യം നേടി. ഇംഗ്ലിഷും കണക്കും തമിഴും അഭ്യസിച്ചു. ആകാശവാണിയിൽ ഉദ്യോഗസ്ഥനായി ചേര്‍ന്ന അക്കിത്തം 1985 ൽ വിരമിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, മാനസപൂജ, മനസാക്ഷിയുടെ പൂക്കൾ, വെണ്ണക്കല്ലിന്റെ കഥ, നിമിഷ ക്ഷേത്രം, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം തുടങ്ങിയവയാണ് പ്രധാനകൃതികൾ.