മൊഴി മാറ്റിയത് പേടികൊണ്ട്; ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസ് തീര്‍പ്പാക്കരുതെന്ന് ഹര്‍ജി - വിധി പറയുന്നത് മാറ്റി
ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസ് തീര്‍പ്പാക്കരുതെന്ന് ഹര്‍ജി
മുൻ മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോൺ കെണിക്കേസ് തീർപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ഹർജി. തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് സ്വകാര്യ ഹർജി നൽകിയത്. പരാതിക്കാരി മൊഴി മാറ്റിയത് പേടികൊണ്ടാണെന്നും ഹർജിയിൽ വാദം കേൾക്കണമെന്നും ഹർജിയില്‍ പറയുന്നു.
കൊല്ലം സ്വദേശിയായ അഭിഭാഷകൻ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിജെഎം കോടതി മാറ്റിവച്ചു. ഉച്ചയ്ക്കു ശേഷമായിക്കും ഇനി കേസ് പരിഗണിക്കുന്നത്.
അതിനിടെ കോടതി വിധി അനുകൂലമായാല്‍ എ.കെ ശശീന്ദ്രന്‍ മന്ത്രിയാകുമെന്നും താമസമില്ലാതെ തീരുമാനമെടുക്കുമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ അറിയിച്ചു.
തന്നോട് ഫോണില്‍ അശ്ലീലം സംഭാഷണം നടത്തിയത് ശശീന്ദ്രനാണോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അതിനാല്‍ പരാതിയില്ലെന്നുമാണ് ചാനൽ പ്രവർത്തകയായ യുവതി കഴിഞ്ഞ ദിവസം തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചത്. കേസുമായി മുന്നോട്ട് പോകാൻ താത്പര്യം ഇല്ലെന്നും ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ ഓഫീസിൽ വച്ച് തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു.