അബുദാബിയില്‍ നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം കൊച്ചിയില്‍ വിമാനമിറങ്ങി. 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 49 ഗർഭിണികളും നാലു കുട്ടികളും ഉള്‍പ്പെടുന്നു. യാത്രയ്ക്ക് മുമ്പുള്ള പരിശോധനകളില്‍ ഇവരില്‍ ആര്‍ക്കും കൊവിഡ് 19 ലക്ഷണങ്ങളില്ല.
പരിശോധനകള്‍ക്ക് ശേഷം ഇവരെ വിവിധ ക്വാറന്‍റൈന്‍ സെന്‍ററുകളിലേക്കാണ് മാറ്റുന്നത്. എറണാകുളം ജില്ലയില്‍ നിന്ന് 25 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളത്. ഇവരെ കളമശേരിയില്‍ ഒരുക്കിയിട്ടുള്ള ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്.
തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്ക് തൃശൂര്‍ നഗരത്തിലും ഗുരുവായൂരിലുമാണ് ക്വാറന്‍റൈന്‍ സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കായി മൂന്ന് കെ എസ് ആര്‍ ടി സി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും രോഗലക്ഷണമൊന്നുമില്ലെങ്കില്‍ ടാക്സികളില്‍ വീടുകളിലേക്ക് പോകാം. നാല്‍പ്പത് ടാക്‍സികളാണ് ഇതിനായി ഒരുക്കിയത്. ഇവര്‍ വീടുകളില്‍ പതിനാല് ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടതുണ്ട്.
കാസര്‍കോട് ജില്ലക്കാരനായ ഏക യാത്രക്കാരന് തല്‍ക്കാലം എറണാകുളത്ത് തന്നെ ക്വാറന്‍റൈന്‍ സൌകര്യം ഒരുക്കും.