ചെന്നിത്തലയും കുമ്മനവും ഇന്നലെ കോടതിയിൽ ഉണ്ടായിരുന്നുവെങ്കിൽ? കിടിലൻ ചോദ്യവുമായി ജോയ് മാത്യു
കറുത്തകോട്ടുകാരോടൊപ്പം കുമ്മനവും ചെന്നിത്തലയും?
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനേയും പരിഹസിച്ച് ജോയ് മാത്യു രംഗത്ത്. കൊച്ചിയിൽ യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പ്രതികരണത്തെയാണ് ജോയ് മാത്യു വിമർശിച്ചിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി പൾസർ സുനിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെ വലിച്ചിഴച്ചുകൊണ്ടാണ് കോടതിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പൊലീസിനെ വിമർശിച്ച് കുമ്മനവും ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് നടൻ രംഗത്തെത്തിയിരിക്കുന്നത്.
ജോയ് മാത്യുവിന്റെ വാക്കുകളിലൂടെ:
ചെന്നിത്തലയും കുമ്മനവും വക്കീൽമാരായി ഇന്നലെ കോടതി പരിസരത്തുണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?. തീർച്ചയായും "കീഴടങ്ങാൻ" വന്ന പ്രതിയെ പോലീസിൽ നിന്നും മോചിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കറുത്ത കോട്ടുകാരോടൊപ്പം കൂടുമായിരുന്നു എന്നു വ്യക്തമാക്കുന്നതാണു പൾസർ അറസ്റ്റിനെക്കുറിച്ചുള്ള ഇരുവരുടേയും പ്രതികരണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാവുക.
വി ടി ബൽറാം ,ഷാഫി പറബിൽ ,വിഷ്ണുനാഥ് തുടങ്ങിയ നമുക്ക് പ്രതീക്ഷയുള്ള യുവ കോൺഗ്രസ്സ്‌കാർക്കും പി എസ് ശ്രീധരൻ പിള്ളയേപ്പോലെയോ വി. മുരളിധരനെപ്പോലെയോ സമചിത്തതയുള്ള ബി ജെ പി ക്കാർക്കും ചെന്നിത്തലയുടേയും കുമ്മനത്തിന്റേയും അതേ നിലപാടാണോ ഇക്കാര്യത്തിൽ ഉള്ളത് എന്നറിയാൻ ആഗ്രഹമുണ്ട്.