നടിയെ ആക്രമിച്ച കേസിൽ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. നേരത്തെ പോലീസിന് നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമായാണ് അദ്ദേഹം കോടതിയിൽ മൊഴി നൽകിയത്. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഇതിനെ തുടർന്ന് വിചാരണ കോടതി അംഗീകരിച്ചു. കേസിൽ ആദ്യമായാണ് ഒരു സാക്ഷി കൂറുമാറുന്നത്.
'മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്സലിനിടെ, തന്റെ അവസരങ്ങൾ കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു ഇടവേള ബാബു പോലീസിൽ നൽകിയ മൊഴി.ഇക്കാര്യം ദിലീപുമായി സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നത് എന്നതായിരുന്നു ദിലീപിന്റെ മറുപടി എന്നും പോലീസിനോട് ബാബു വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ദിലീപ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതായി ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓർമയില്ലെന്നാണ് ഇന്ന് ഇടവേള ബാബു കോടതിയിൽ പറഞ്ഞത്.ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു. കാവ്യാ മാധവന്‍റെ അമ്മ ശ്യാമളയേയും ഇന്ന് വിസ്തരിക്കേണ്ടതായിരുന്നു. എന്നാൽ സമയമില്ലാത്തതിനാൽ ആ വിസ്‌താരം മറ്റൊരു ദിവസത്തേക്ക് നീട്ടിവെച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിനെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം സംഘടനയിലേക്ക് തിരിച്ചെടുക്കുകയും ചെയ്‌തു. ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതിനെ തുടർന്ന് ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ പിന്നീട് സംഘടനയില്‍നിന്ന് രാജിവച്ചിരുന്നു.