Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'കള്ളം പറയലാണോ നിങ്ങളുടെ രാഷ്ട്രീയം? മഴുവുമായി പിണറായിയുടെ രക്തം ദാഹിച്ചു നടക്കുന്നവരുണ്ടെന്നറിയാം'- ഷാജിക്കെതിരെ എ എ റഹിം

'കള്ളം പറയലാണോ നിങ്ങളുടെ രാഷ്ട്രീയം? മഴുവുമായി പിണറായിയുടെ രക്തം ദാഹിച്ചു നടക്കുന്നവരുണ്ടെന്നറിയാം'- ഷാജിക്കെതിരെ എ എ റഹിം

അനു മുരളി

, വ്യാഴം, 16 ഏപ്രില്‍ 2020 (16:47 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാർത്താസമ്മേളനം നടത്തിയ കെ എം ഷാജിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം. കള്ളം പറയലാണോ നിങ്ങളുടെ രാഷ്ട്രീയമെന്ന് റഹീം ഷാജിയോട് ചോദിക്കുന്നു. ഷാജിക്കൊപ്പം വാർത്താസമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്ന എം.കെ.മുനീറിനെതിരെയും സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. സി.എച്ചിന്റെ കുടുംബത്തിന് ആനുകൂല്യങ്ങൾ നൽകിയ വാർത്തയുടെ ചിത്രം കൂടി പങ്കുവച്ചായിരുന്നു വിമർശനം. റഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
 
ലേശം ഉളുപ്പ്....
ഏയ് പ്രതീക്ഷിക്കരുത്.
വികൃത മനസ്സല്ല, വിഷലിപ്തമായ മനസ്സാണ്.
 
''സർക്കാരിന്റെ പൈസ, ദുരിതാശ്വാസ നിധിയാണെങ്കിലും, സർക്കാരിന്റെ ഫണ്ടാണെങ്കിലും അത് ജനങ്ങളുടെ പൈസയാണ്. എന്റെ കോർ പോയിന്റ് അതാണ്". (ഇന്നത്തെ വാർത്താ സമ്മേളനത്തിൽ കെ എം ഷാജി )
അതാണ്.....
 
തൊട്ടരികിൽ ഇരിക്കുന്ന ഡോക്ടർ മുനീർ. അദ്ദേഹത്തിന്റെ പിതാവ് ശ്രീ.സി.എച്ച്. മരണപ്പെട്ടപ്പോൾ, അന്നത്തെ യുഡിഎഫ് സർക്കാർ സി.എച്ചിന്റെ കുടുംബത്തിന് നൽകാൻ തീരുമാനിച്ച ആനുകൂല്യങ്ങൾ താഴെക്കാണുന്ന വർത്തയിലുണ്ട്. ഈ ഇരിക്കുന്ന മുനീറിന്റെ അഭിവന്ദ്യ ഉമ്മക്ക് പ്രതിമാസം 500 രൂപയും, മുനീറിന്റെ അഭിവന്ദ്യയായ ഉമ്മുമ്മക്ക്, അതായത് ശ്രീ സി എച്ചിന്റെ ഉമ്മക്ക് 250 രൂപയും ഇരുവരുടെയും ജീവിതകാലം മുഴുവൻ കൊടുക്കാൻ അന്ന് സർക്കാർ തീരുമാനിച്ചു. വാർത്തയിൽ കാണാം.. മകൻ, ഈ ഇരിക്കുന്ന സാക്ഷാൽ ശ്രീ. മുനീറിന് ഇന്ത്യയിൽ എവിടെയും, പഠിക്കാനുള്ള ചിലവും പുറമേ പോക്കറ്റ് മണിയായി പ്രതിമാസം 100 രൂപയും. ശ്രദ്ധിക്കൂ, പോക്കറ്റ് മണിപോലും സർക്കാർ കൊടുക്കും. അതാണ് ഷാജി പറഞ്ഞ "കോർ പോയിന്റ്"
 
മരിച്ചു പോയ മഹാനായ സി.എച്ചിന്റെ പേര് പറയേണ്ടിവന്നതിൽ ക്ഷമ ചോദിക്കുന്നു. പറഞ്ഞതല്ല, പറയിപ്പിച്ചതാണ്. അടുത്ത കാലത്ത് മരണപ്പെട്ടു പോയ പ്രധാനപ്പെട്ട രണ്ട് പേർക്ക്, ഒരാൾ എംഎൽഎ, മറ്റൊരാൾ ഒരു പ്രമുഖനായ സംസ്ഥാന നേതാവ്. ഇരുവരുടെയും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് സർക്കാർ സഹായം അനുവദിച്ചതിനെ എന്തിനായിരുന്നു ഇപ്പോൾ വാർത്താ സമ്മേളനം നടത്തി വലിച്ചിഴച്ചത്. അവർക്കും കുടുംബാംഗങ്ങളില്ലേ? ജീവിതമില്ലേ?
 
ദുരിതാശ്വാസ നിധിയും സർക്കാർ ഫണ്ടും എല്ലാം ജനങ്ങളുടെ പണമാണെന്നും അതാണ് തന്റെ കോർ പോയിന്റെന്നും ഷാജി വിളിച്ചു പറയുമ്പോൾ, ഇതേ പോലെ ജനങ്ങളുടെ പണം കൊണ്ടാണ് ഹമുക്കേ ഞാൻ പഠിച്ചതും മുട്ടായി വാങ്ങിത്തിന്നതും, കട്ടൻ കുടിച്ചതും എന്ന് ആ ഷാജിയുടെ ചെവിയിൽ താങ്കൾക്ക് ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നില്ലേ?
 
ലോകം കോവിഡിന് മുന്നിൽ പതറി നിൽക്കുന്ന കാലം. മരണം മണം പിടിച്ചു അരികിൽ നിൽക്കുമ്പോൾ, രണ്ടു "ജനപ്രതിനിധികൾ"പത്രക്കാരെ വിളിച്ചിരുത്തി പറയുന്നു, "ഞങ്ങൾക്ക് രാഷ്ട്രീയമേ ഉള്ളൂ" എന്ന്!!.എന്താണ് ശ്രീ.ഷാജിയും ശ്രീ.മുനീറും പഠിച്ച രാഷ്ട്രീയം? കള്ളം പറയലോ? കള്ളവും ഏഷണിയും പറഞ്ഞു നടക്കലാണോ നിങ്ങൾ പഠിച്ച രാഷ്ട്രീയം. അതും ഈ 'മരണകാലത്ത് '!!.
 
കഴിഞ്ഞ ദിവസം ശ്രീ.ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ എന്തായിരുന്നു? പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താൽ വക മാറ്റി ചിലവഴിക്കും എന്നല്ലേ? ആരും പണം കൊടുക്കരുത് എന്ന സന്ദേശമായിരുന്നില്ലേ?
ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും ഒരാൾക്ക് ഇങ്ങനെയൊക്കെ പറയാൻ പറ്റുമോ?
 
ഈ നിമിഷവും ഏതൊരാൾക്കും നോക്കാം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്ര വന്നു? എത്ര, എന്താവശ്യത്തിന് ചിലവഴിച്ചു? ഇപ്പോൾ നോക്കാം. നമ്മുടെ ഫോണിൽ ഒന്ന് തിരഞ്ഞാൽ കിട്ടുന്ന തികച്ചും സുതാര്യമായ വിവരമാണ് അത്. പിന്നെന്തിനാണ് ഈ പെരുങ്കള്ളം പറയുന്നത്. അത് മുഖ്യമന്ത്രി തുറന്ന് കാട്ടിയാൽ അതിന്റെ ജാള്യത മാറ്റാൻ വീണ്ടും വന്നിരുന്നു പഴയതിനേക്കാൾ വലിയ നുണ പറയാമെന്നാണോ? ഇതാണോ ഇരുവരും പഠിച്ച "രാഷ്ട്രീയം"?
 
സിഎംഡിആർഎഫ് സംബന്ധിച്ച നിയമസഭയിൽ നൽകിയ മറുപടി ഉദ്ധരിച്ചു ഷാജി പറയുന്നത് മുഴുവൻ പണവും ചിലവാക്കിയിട്ടില്ല എന്നാണ്. ഇമ്മീഡിയറ്റ് റിലീഫ് എന്ന് ഗൈഡ് ലൈനിൽ പറഞ്ഞിട്ടുണ്ട് എന്നുമാണ്. ആരാണ് ഈ വിഢിത്തം പഠിപ്പിച്ചുവിട്ടത്. തുടർച്ചയായി രണ്ടു വർഷവും പ്രളയം ഉണ്ടായ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ആദ്യത്തെ പ്രശ്നങ്ങൾ പരിഹരിച്ചു കഴിയുന്നതിന് മുൻപ് അടുത്തത്.. ഇപ്പോഴും ദുരിതാശ്വാസ നിധിയിൽ നിന്നും പ്രവർത്തനങ്ങൾ തുടരുന്നു.. അതിന്റെ കണക്കാണ് അണുകിട തെറ്റാതെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നതും.
 
"പിണറായി മഴു എറിഞ്ഞിട്ടല്ല കേരളം ഉണ്ടായത്" എന്ന് പറയുന്നത് കേട്ടു. മഴുവുമായി പിണറായിയുടെ രക്തം ദാഹിച്ചു നടന്നവരുണ്ട്, ഇപ്പോഴും നടക്കുന്നവരുണ്ട്.... എല്ലാ കാലത്തും, പിണറായി ഉൾപ്പെടെ ഇവിടുത്തെ കമ്മൂണിസ്റ്റുകാർ ആയുധങ്ങൾക്കു മുന്നിൽ തല ഉയർത്തി നിന്നതു കൊണ്ടാണ് പൗഡറും തൊട്ട് ഇതുപോലെ ഇവിടെ ഇറങ്ങി നടക്കുന്നതും ലീഗാപ്പീസിൽ പോത്ത് ബിരിയാണി വച്ചു ഇപ്പോഴും കഴിക്കുന്നതും.
 
വാഷിംഗ്‌ടൺപോസ്റ്റ്‌ വാർത്ത തിരുത്തി എന്നാണ് ശ്രീ മുനീർ ആശ്വാസം കൊള്ളുന്നത്. വാർത്ത തിരുത്തിക്കാൻ നിങ്ങൾക്ക് പറ്റിയേയ്ക്കും,ചരിത്രം തിരുത്തിയെഴുതാൻ പറ്റില്ലല്ലോ സർ.
 
ആധുനിക കേരളം പടുത്തുയർത്തിയതിൽ കമ്മൂണിസ്റ്റ്കാർക്കുള്ളതിനേക്കാൾ പങ്ക്‌ മറ്റാർക്കും ഇല്ലതന്നെ.പുരോഗമനപരവും ശാസ്ത്രീയവുമായ അവബോധമാണ് പുകൾപെറ്റ കേരളാ മോഡലിന്റെ കരുത്ത്. ആ കരുത്താണ് ശാസ്ത്രീയ ചിന്തയിൽ ഉറച്ചു നിന്ന്, കോവിഡിനെതിരെ പ്രതിരോധം തീർക്കാൻ ജനങ്ങളെയാകെ പ്രാപ്തരാക്കുന്നത്. നാടിന്റെ സിരകളിൽ പുരോഗമനപരവും ശാസ്ത്രീയവുമായ അവബോധം പകർന്നതിൽ ഇടതുപക്ഷത്തിന്റെ സംഭാവനകൾ ചരിത്രത്തിൽ ആർക്കാണ് തിരുത്തിയെഴുതാൻ പറ്റുന്നത്?
 
ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ നിരീക്ഷിച്ചത് പോലെ കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന വിപുലമായ പൊതുജനാരോഗ്യ ശൃംഖല ഇടത്പക്ഷത്തിന്റെ നയപരമായ സംഭാവനയാണ്. ചരിത്രത്തിൽ മാത്രമല്ല,
 
ശ്രീ മുനീർ, നോക്കൂ, കണ്മുന്നിൽ കാണുന്നില്ലേ, കമ്മ്യൂണിറ്റി കിച്ചൺ. കോവിഡ് പ്രതിരോധത്തിന്റെ അദ്ഭുതകരമായ കേരളാ മോഡലിൽ ഈ സാമൂഹ്യ അടുക്കളയും ഉണ്ട്. ലോകം മുഴുവൻ നോക്കൂ എവിടെയെങ്കിലും ഒരിടത്തു ഇതിന് സമാനമായ ഒരു മാതൃക കാട്ടാനാകുമോ? അംഗൻ വാടികളിലെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം വീട്ടിലെത്തിച്ച മനുഷ്യത്വം നിറഞ്ഞ കേരള മോഡൽ. അതാണ് ഇടതുപക്ഷം.
 
രോഗ നിർണയത്തിലും രോഗ ശമനത്തിലും മാത്രമല്ല, ഒരാളും പട്ടിണി കിടക്കാതിരിക്കുക എന്നത് ആവർത്തിച്ച് ഉറപ്പാക്കുന്നത് കൂടിയാണ് കോവിഡ് കാലത്തെ "കേരളാ മോഡൽ" "ആ മഴു" പിണറായി വിജയൻ എറിഞ്ഞത് തന്നെയാണ്. ഇല്ലെങ്കിൽ ഇതു പോലൊരു സർവതല സ്പർശിയായ സമീപനം മറ്റൊരു സംസ്ഥാനത്തു കാട്ടിത്തരൂ മിസ്റ്റർ മുനീർ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹിന്ദു ഐക്യവേദി നേതാവായ ആ സ്ത്രീയുണ്ടല്ലോ? അവരുടെ അളിഞ്ഞ ഭാഷയും ചീഞ്ഞ ശൈലിയും'! - ആ സ്ത്രീയോട് ഒന്നേ പറയാനുള്ളൂ എന്ന് എം ബി രാജേഷ്