വിഴിഞ്ഞം കരാര്‍: സിഎജി റിപ്പോർട്ട് അതീവ ഗൌരവതരം, കരാര്‍ പരിശോധിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കും - മുഖ്യമന്ത്രി
വിഴിഞ്ഞം കരാര്‍: പദ്ധതിയില്‍ അദാനിക്ക് വൻനേട്ടമെന്ന് സിഎജി റിപ്പോർട്ട്
വിഴിഞ്ഞം കരാറില്‍ വന്‍ ക്രമക്കേടുണ്ടെന്ന സി എ ജി റിപ്പോർട്ട് ഗൌരവകരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരാര്‍ ഗൌരവമായി പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വിഴിഞ്ഞം കരാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തിയത് ഇന്നലെയാണ്.
ഈ പദ്ധതിയിലൂടെ കരാര്‍ പദ്ധതി നടത്തിപ്പുകാരായ അദാനിക്ക് വൻനേട്ടം ഉണ്ടാക്കുമെന്നും ഈ പദ്ധതിയുടെ കാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29.21 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ലഭിക്കുമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതി നിര്‍മാണത്തിനായി 20 വര്‍ഷം കൂടി വേണമെങ്കില്‍ അധികം നല്‍കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപ അധികവരുമാനം അദാനിക്ക് ലഭിക്കുമെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കുടാതെ സര്‍ക്കാര്‍ ചെലവഴിച്ച തുക പതിനൊന്നാം വര്‍ഷം മുതല്‍ തിരിച്ചു നല്‍കണമെന്ന വ്യവസ്ഥയും അട്ടിമറിച്ചിട്ടുണ്ട്. ഓഹരി വിപണിയില്‍ മാറ്റം വരുത്തിയതോടെ 283 കോടി രൂപയാണ് സര്‍ക്കാറിന് നഷ്ടമുണ്ടാകുക. കണക്കുകള്‍ പെരുപ്പിച്ച് നല്‍കി കമ്പനി പദ്ധതി ചെലവ് ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.