Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാത്സല്യ നിധിയായ ഒരച്ഛനെ കുറ്റക്കാരനായി മുദ്രകുത്തിയപ്പോള്‍ നിങ്ങള്‍ എന്തുനേടി? - ആഞ്ഞടിച്ച് നടന്‍

‘ദിലീപ് തെറ്റുകാരനല്ലെന്നു കോടതി കണ്ടെത്തിയാല്‍ കാലം നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല’ - ആഞ്ഞടിച്ച് നടന്‍

വാത്സല്യ നിധിയായ ഒരച്ഛനെ കുറ്റക്കാരനായി മുദ്രകുത്തിയപ്പോള്‍ നിങ്ങള്‍ എന്തുനേടി? - ആഞ്ഞടിച്ച് നടന്‍
, ശനി, 12 ഓഗസ്റ്റ് 2017 (10:47 IST)
നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി സിനിമാ രംഗത്ത് നിന്നും പുറത്തുനിന്നും നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോഴിതാ, നടന്‍ ഉണ്ണി ശിവപാലും താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ദിലീപിന് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയില്ലെന്നാണ് ഉണ്ണി പറയുന്നത്.
 
ഉണ്ണിയുടെ കുറിപ്പ് വായിക്കാം:
 
എന്റെ മനസാക്ഷി എന്നോട് ചോദിക്കുന്നു 'ദിലീപിന് ' ഇങ്ങനെയൊക്കെ ചെയ്യിക്കാനൊക്കുമോ? കഴിയില്ലെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
 
ഒരു സിനിമാ സഹപ്രവര്‍ത്തകന്‍ എന്നതില്‍ ഉപരി "ദിലീപിനോട് " ഒരുതരത്തിലുള്ള അടുപ്പവും, ബന്ധവും വച്ചുപുലര്‍ത്തുന്നില്ലാത്ത എന്നെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്റേതായ കാഴ്‌ച്ചപ്പാടുകളും , സത്യം ഒരിക്കലും കാണാതെ പോകരുത് എന്ന എന്റേതായ നിസ്വാര്‍ത്ഥമായ ചിന്താധാരകളുമാണ് ഈ കുറിപ്പിനാധാരം.
 
സ്വാകാര്യ ദുഃഖങ്ങള്‍ കടിച്ചമര്‍ത്തി സമൂഹത്തെ ആകമാനം കുടുകുടാ ചിരിപ്പിച്ച വിശ്വോത്തര കലാകാരന്‍ "ചാര്‍ളി ചാപ്ലിനു " സമൂഹത്തിലെ ഒരുപറ്റം ആള്‍ക്കാര്‍ തിരിച്ചുനൽകിയതു കണ്ണീരും, കൈപ്പുനീരും മാത്രമായിരുന്നു എന്ന സത്യം ഞാന്‍ വിസ്മരിക്കുന്നില്ല .
 
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന ഒരുവ്യക്തിയെ , വാത്സല്യ നിധിയായ ഒരച്ഛനെ മാധ്യമ വിചാരണനടത്തി കുറ്റക്കാരനായി മുദ്രകുത്തിയപ്പോള്‍ നിങ്ങള്‍ എന്തുനേടി? ഏറെ പോപ്പുലറായ ഒരുവ്യക്തിയേയും, അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തെയും തേജോവധം ചെയ്യുക വഴി നിങ്ങളുടെ പരസ്യവരുമാനം പാതിന്മടങ്ങു വര്‍ധിപ്പിക്കാൻ കഴിഞ്ഞു എന്നതില്‍ കവിഞ്ഞു എന്തു കാട്ടുനീതിയാണ് നിങ്ങള്‍ ഇതിലൂടെ നടപ്പിലാക്കിയത് ? ഇതിനുള്ള എന്തധികാരമാണ് നിങ്ങള്‍ക്ക് പൊതുസമൂഹവും, നിലവിലെ നീതിന്യായ വ്യവസ്ഥയും എപ്പോഴാണ് അനുവദിച്ചുതന്നിട്ടുള്ളത് ?
 
ദിലീപിന്റെ ബന്ധു മിത്രാദികളോ ,അനുഭാവികളോ അവരുടെ അറിവിന്റെ വെളിച്ചത്തില്‍ ദിലീപിന്‌ അനുകൂലമായി രണ്ടുവാക്ക് പറഞ്ഞാല്‍, അതിനെ " സോഷ്യല്‍ മീഡിയ മാർക്കറ്റിങ് സ്‌ട്രാറ്റജി " എന്നു അധിക്ഷേപിച്ചു തുടര്‍ ചര്‍ച്ചകള്‍ നടത്തി അതും വിറ്റു കാശാക്കും. ഇതിലൂടെ നിങ്ങളുടെ പരസ്യ വരുമാനം പതിന്മടങ്ങു വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതില്‍ കവിഞ്ഞു എന്തു മാധ്യമ ധർമ്മമാണ് ഇതിലൂടെ നടത്തിപ്പോരുന്നത് ? 
 
ആത്യന്തികമായി കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്നീടൊരിക്കല്‍ ദിലീപ് തെറ്റുകാരനല്ലെന്നു കോടതി കണ്ടെത്തിയാല്‍, അത്യുന്നത നീധി പീഠത്തിന്റെ ആ വിധിയെ എങ്ങിനെ നിങ്ങള്‍ വ്യാഖ്യാനിക്കും? അതോ, ഊഹാപോഹങ്ങളുടെയും, മുന്‍ വിധികളുടെയും, സ്വാർത്ഥ താല്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ നടത്തിയ പൂര്‍വ വിചാരണകളത്രയും ഒറ്റശ്വാസത്തില്‍ വിഴുങ്ങുകയല്ലാതെ വേറെന്തു കാട്ടികൂട്ടാനാകും നിങ്ങള്‍ക്ക്?
 
മുന്‍വിധികളോടെയുള്ള കരുനീക്കങ്ങള്‍ നടത്തി, ദിലീപ് എന്ന ജനപ്രിയ കലാകാരനെ പ്രേക്ഷകലക്ഷങ്ങളുടെ മുന്‍പില്‍ കുറ്റക്കാരനായി മുദ്രകുത്തിയപ്പോള്‍ നിങ്ങള്‍ക്ക് , നിങ്ങളുടെ കള്ളക്കഥകള്‍ തത്കാലം വിജയിച്ചെന്നു തോന്നാം, എന്നാല്‍ ചില്ലിക്കാശിനുവേണ്ടി നടത്തുന്ന ഈ കൊടും ക്രൂരകൃത്യങ്ങൾക്കും, നിങ്ങള്‍ക്കും കാലം മാപ്പുനൽകില്ലെന്നുറപ്പാണ്.
 
പണ്ടൊക്കെ പത്ര മാധ്യമങ്ങൾക്കു ഒരബദ്ധം പിണഞ്ഞാൽ , പിന്നീട് യാഥാർഥ്യം മനസിലാക്കി ഒരു ക്ഷമാപണ കുറിപ്പിലൂടെ തെറ്റു തിരുത്തുക പതിവായിരുന്നു. അത്തരം മാധ്യമ ധർമ്മങ്ങൾക്കു ജനപിന്തുണ ഏറേയായിരുന്നു താനും. എന്നാൽ ഇന്നു നിലവിലെ നിയമ സംഹിതയെ മൊത്തത്തിൽ " ഹൈ ജാക്ക് " ചെയ്ത്, പൊതു സമൂഹത്തെയും , നിയമസംഹിതയേയും കുഴപ്പത്തിലാക്കി തങ്ങളാണ് " സർവാധിപർ " എന്ന തോന്നലാകാം നിങ്ങളെകൊണ്ടിങ്ങിനെയൊക്കെ കാട്ടിക്കൂട്ടുന്നത് എന്നേതോന്നുകയുള്ളൂ തന്മൂലം നിങളുടെ പിൻഗാമികളോടു കാണിക്കുന്ന ഈ കൊടും ക്രൂരത സ്വയം വിമർശനത്തിലൂടെയെങ്കിലും തിരുത്തേണ്ട കാലം അധിക്രമിച്ചു എന്നെങ്കിലും തിരിച്ചറിഞ്ഞാൽ നന്ന്‌ .
 
ശൈശവ ദശയിൽ ടെലിവിഷനെ പത്രമാധ്യമങ്ങൾ " വിഡ്ഢി പെട്ടി " എന്നുവിളിച്ച ആ "ചെല്ലപ്പേര് " തീർത്തും അന്വർത്ഥം ആക്കിമാറ്റാതെ , പുനർ ചിന്തനം നടത്തി ഇനിയെങ്കിലും പൊതുസമൂഹത്തെ " ബ്രേക്കിംഗ് ന്യൂസിൽ " തളച്ചിടാതെ നിലവിലെ നീതിന്യായ വ്യവസ്ഥയ്‌ക്കനുസരിച്ചു നിലകൊള്ളുകയാണുചിതം.
 
മലയാള ടെലിവിഷൻ മേഖലയിൽ പ്രവർത്തിച്ചു ഒരുമുൻകാല പ്രവർത്തകൻ കൂടിയായ എന്നെകൊണ്ടിത്രയ്ക്കു പ്രതിഷേധം അറിയിക്കാൻ കാരണം സമീപകാലത്തെ മാധ്യമങ്ങളിലൂടെ കെട്ടിച്ചമച്ചുവിട്ട. പല പല വാർത്തകളും എന്നെ അത്രമാത്രം വേദനിപ്പിച്ചു എന്നുള്ളതുതന്നെയാണ്. ധർമ്മവും , നീതിയും ഏവർക്കും ഒരുപോലെ ലഭ്യമാകട്ടെ എന്നപ്രാർത്ഥനയോടെ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതും ഒരു അമ്മയോ ? സ്വന്തം കുഞ്ഞിനെ ജീവനോടെ കൊറിയറയച്ചു - പിന്നെ സംഭവിച്ചത്...