വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും; ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷം തടവ്
വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണും കേണല്‍ ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി
വരാപ്പുഴ പീഡനക്കേസുകളിലെ വിചാരണ പൂര്‍ത്തിയായ ആദ്യകേസില്‍ ശോഭാ ജോണിന് 18 വര്‍ഷം കഠിന തടവും ഒരുലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും കോടതി വിധിച്ചു. കേസിലെ മറ്റൊരു പ്രതിയായ കേണല്‍ ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് ഈ വിധി.
കേസില്‍ അഞ്ച് പ്രതികളെ വെറുതെ വിട്ടു. ശോഭയുടെ ഡ്രൈവര്‍ കേപ്പന്‍ അനി, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് വിനോദ്, സഹോദരി പുഷ്പവതി എന്നിവരെയാണ് വെറുതെ വിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറുകയും തുടര്‍ന്ന് കൂട്ട ബലാത്സംഘത്തിനിരയാക്കി എന്നുമായിരുന്നു കേസ്. പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയായ ശോഭാ ജോണാണ് ഈ കേസിലെ മുഖ്യപ്രതി.
സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത 48 കേസുകളിലെ ആദ്യ കേസിന്റെ വിധി പ്രസ്താവം കഴിഞ്ഞ ദിവസമാണ് നടന്നിരുന്നത്. ആ കേസിലും ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 2012ല്‍ കുറ്റപത്രം സമര്‍പ്പിച്ച വരാപ്പുഴ കേസില്‍ ഒരു പ്രതി വിചാരണക്കിടെ മരണപ്പെട്ടിരുന്നു. മറ്റ് 47 കേസുകളുടെ വിചാരണയും പുരോഗമിക്കുകയാണ്.