മുക്കത്തെ ഗെയിൽ വിരുദ്ധപ്രക്ഷോഭം ആസൂത്രിതമെന്ന് പൊലീസ്; ആക്രമണത്തിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍
മുക്കത്തെ ആക്രമണത്തിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളെന്ന് പൊലീസ്
ആക്രമണവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ ചില സംഘടനകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതിഷേധവും പൊലീസ് സ്റ്റേഷൻ ആക്രമണവുമെല്ലാം ആസൂത്രിതമാണ്. വടിയും കല്ലുകളുമായാണ് സമരക്കാരിൽ ചിലരെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവരാണ് ഇതിന് നേതൃത്വം നല്‍കിയത്. ആളുകളെ ഭയചിത്തരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം നടത്തിയവരെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് സ്റ്റേഷന്‍ ഉപരോധിച്ചപ്പോളാണ് വെറുതെ പ്രശ്‌നമുണ്ടാക്കി കാര്യങ്ങള്‍ വഴി തിരിച്ചുവിടുകയാണ് അവരുടെ ഉദ്ദേശ്യമെന്നാണ് മനസ്സിലാവുന്നത്. ഇതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോവും. സര്‍വേയ്ക്ക് സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചു.
ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 32 പേരാണ് ഇതുവരെ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇതില്‍ 22 പേരെ മുക്കം പൊലീസും 11 പേരെ അരീക്കോട് പൊലീസുമാണ് അറസ്റ്റ് ചെയ്തത്. രാത്രി തന്നെ 32 പേരെയും റിമാന്‍ഡ് ചെയ്തു. അതേസമയം തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയാണ്.