ജനപ്രിയന് ജാമ്യം ലഭിക്കാന്‍ ദുബായിലും പടപ്പുറപ്പാട്; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് പ്രവാസി മലയാളികള്‍
ദിലീപിന് വേണ്ടി മോദിക്ക് നിവേദനം! അതും ദുബായിൽ നിന്ന്!
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി പ്രവാസി മലയാളികളുടെ സംഘവും രംഗത്ത്. ദുബായ് കേന്ദ്രീകരിച്ചുളള വാട്ടസാപ്പ് കൂട്ടായ്മയായ 'വോയ്‌സ് ഓഫ് ഹുമാനിറ്റി' യിലെ അംഗങ്ങളാണ് കേസില്‍ വിചാരണ നേരിടുന്ന താരത്തിന് പിന്തുണ അറിയിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്.
ജനപ്രിയ നടനായ ദിലീപിന് മാനുഷിക പരിഗണന നൽകണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചത്. സിനിമ, രാഷ്ട്രീയ, ബിസിനസ് രംഗത്തെ ശത്രു സംഘങ്ങള്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയതിന്റെ പരിണിതഫലമാണ് നടൻ ഇന്നും ജയിലിൽ കിടക്കാന്‍ കാരണമെന്നും ഇവർ ആരോപിച്ചു. ജാമ്യം ലഭിക്കുന്നതിനായി ദിലീപിനെ സ്‌നേഹിക്കുന്നവര്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കണമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഭരണകക്ഷിയിലെ ഒരു എംഎൽഎയും ചില സിനിമാ നടന്മാരും സംവിധായകരുമെല്ലാം ദിലീപിനെ ജയിലിൽ സന്ദർശിക്കാനെത്തിയതും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സംശയിക്കുന്നതെന്നും ഇവർ പറയുന്നു. ദിലീപിനെ കുടുക്കിയതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച കൂട്ടായ്മയിലെ അംഗങ്ങൾ, ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തക്കതായ ശിക്ഷ അദ്ദേഹത്തിന് ലഭിക്കണം. അതേസമയം, അദ്ദേഹം നിരപരാധിയാണെങ്കിൽ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിവേദനം നൽകാനും വാട്ട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.