കാക്കനാട് സബ് ജയിലില്‍ നിന്ന് മാറ്റണമെന്ന സുനിയുടെ ആവശ്യം കോടതി അംഗീകരിച്ചു; പള്‍സര്‍ സുനി വിയ്യൂരിലേക്ക്
അങ്കമാലി കോടതിയിലും മാഡത്തെ വെളിപ്പെടുത്തിയില്ല; പള്‍സറിനെ വിയ്യൂരിലേക്ക് മാറ്റി
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്. കാക്കനാട് സബ്ജയിലില്‍ തനിക്ക് കടുത്ത മര്‍ദ്ദനമാണ് ഉണ്ടായതെന്ന് സുനി കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിയ്യൂരിലേക്ക് മാറ്റാന്‍ അങ്കമാലി കോടതി ഉത്തരവിട്ടത്.
എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിനുളള സൗകര്യമുള്ളത് കൊണ്ടാണ് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതെന്നും സൂചനയുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സുനി മാഡം ആരാണെന്ന് വെളിപ്പെടുത്തിയാല്‍ അന്വേഷണത്തെ അത് ബാധിക്കുമെന്ന പൊലീസിന്റെ ഭയമാണ് ഇതിന് കാരണമെന്നും സൂചനയുണ്ട്. കോടതി ഉത്തരവ് കിട്ടിയ ഉടനെ സുനിയെ വിയ്യൂരിലേക്ക് കൊണ്ടുപോകും.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ കഴിയവെ തനിക്ക് മര്‍ദ്ദനമേറ്റെന്ന് സുനി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടി സുനി നല്‍കിയ ഹര്‍ജിയാണ് അങ്കമാലി കോടതി ഇന്ന് പരിഗണിക്കുന്നത്. ഇതിനായിട്ടാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം എറണാകുളം സിജെഎം കോടതിയില്‍ ഇന്നലെ എത്തിച്ചപ്പോള്‍ അങ്കമാലി കോടതിയില്‍ എത്തുമ്പോള്‍ കേസിലെ മാഡം ആരാണെന്ന് പറയാമെന്ന് സുനി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഈ നീക്കത്തിന് തടസമിട്ടു. സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ കാക്കനാട്ടെ സബ്ജയിലിലേക്ക് കൊണ്ടുപോകുകയാണ് പൊലീസ് ചെയ്തത്.