കടുത്ത സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് ആസ്‌തികൾ വിറ്റ് ധനസമാഹരണത്തിനൊരുങ്ങി വോഡാഫോൺ-ഐഡിയ. ബ്രോഡ്ബാൻഡ് സബ്‌സിഡിയറി, ഒപ്റ്റിക് ഫൈബർ യൂണിറ്റ്, മൂന്ന് ഡാറ്റ സെന്ററുകൾ എന്നിവ വിറ്റ് 7,400 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
25,000 കോടി സമാഹരിക്കാനായിരുന്നു നേരത്തെ കമ്പനി ലക്ഷ്യമിട്ടിരുന്നത്. 2021 ഡിസംബർ-2022 ഏപ്രിൽ കാലയളവിൽ സ്പക്ട്രം കുടിശികയിനത്തിൽ 22,500 കോടി അടയ്ക്കാനുണ്ട്. മാർച്ച് പാദത്തിൽ കമ്പനി 6,985 കോടി രൂപ നഷ്ടത്തിൽ കൂടിയായതാണ് തീരുമാനത്തിന് പ്രേരിപ്പിച്ചത്. 350 കോടി രൂപമാത്രമാണ് കമ്പനിയിൽ നീക്കിയിരിപ്പുള്ളത്.
2019ൽ ആസ്‌തികളും ഡാറ്റ സെന്റർ ബിസിനസും വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നവി മുംബൈയിൽ ഒരു ഡാറ്റ സെന്ററും 1,60,000 കിലോമീറ്റർ ഒപ്ടിക് ഫൈബർ ശൃംഖലയും കമ്പനിക്കുണ്ട്. ചിലവിന് താഴെ മാത്രം വരുമാനം ലഭിക്കുന്ന തരത്തിലാണ് നിലവിൽ കമ്പനിയുടെ പ്രവർത്തനം. ടെലികോം വ്യവസായം കടുത്ത സമ്മർദത്തിലാണെന്നും താരിഫ് വർധിപ്പിക്കേണ്ടിവരുമെന്നും ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തലും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.