അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചതിന് പിന്നാലെ ഗ്യാലക്സി നോട്ട് 10 ലൈറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സാംസങ്. സ്മാർട്ട്ഫോണിനായുള്ള പ്രീ ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും. ഫെബ്രുവരി ആദ്യ ആഴ്ചയിൽ തന്നെ റീടെയിൽ ഷോറൂമുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും സ്മാർട്ട്‌ഫോൺ വിൽപ്പനക്കെത്തും. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്‌ഫോൺ വിപണിയിലെത്തുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1 ടിബി വരെ എക്‌സ്പാൻഡ് ചെയ്യാം
അടിസ്ഥാന വേരിയന്റിന് 39,990 രൂപയാണ് വില. 1080 x 2400 പിക്‌സൽ റെസല്യൂഷനിൽ 6.7 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഇൻഫിനിറ്റി ഒ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഗ്യാലക്സി നോട്ട് 10 ലൈറ്റിൽ സാംസങ് നൽകിയിരിക്കുന്നത്. 12 മെഗാപിക്സൽ വീതമുള്ള മൂന്ന് റിയർ ക്യാമറകളാണ് ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷത. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ് എന്നീ സംവിധാനങ്ങളൊടുകൂടിയതാണ് പ്രധാന റിയർ ക്യാമറ.
ബാക്കിയുള്ള രണ്ട് സെൻസറുകളിൽ ഒന്ന് വൈഡ് ആംഗിളും, ഒന്ന് ടെലിഫോട്ടോ സെൻസറുമാണ്. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 10 എൻഎം ഒക്ടാകോർ പ്രൊസസറാണ് ഫോണിൽ ഉണ്ടാവുക. എന്നാൽ വിപണിക്കനുസരിച്ച് പ്രൊസസർ മാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടെയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്.