അതിവേഗത്തിലാണ് സ്മാർട്ട്‌ഫോണുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നത്. 48 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട്‌ഫോണുകളുടെ കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ. എന്നാൽ 64 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട്‌ഫോണിനെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി.
സോഷ്യൽ മീഡിയ വെബ്‌സൈറ്റായ വീബോയിൽ ഷവോമി പുതിയ ഫോണിന്റെ മാതൃക പുറത്തുവിട്ടുകഴിഞ്ഞു.എം ഐ മിക്സ് 4ആണ് 64 മെഗാപിക്സൽ ക്യാമറയുമായി വിപണിയിൽ എത്തുക. മികച്ച സെൻസറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സൂം ലെൻസോടുകൂടിയ ക്യാമറയായിരിക്കും ഫോണിൽ ഉണ്ടാവുക.
64 മെഗാപിക്സൽ ക്യാമറയുമായി എം ഐ മിക്സ് 4 ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും എന്ന് ഷവോമി പ്രൊഡക്ട് ഡയറക്ടർ വാങ് ടെങ് തോമസ് കഴിഞ്ഞ മൊബൈൽ വേൾഡ് കോൺഫറൻസിൽ വ്യക്തമാക്കിയിരുന്നു. അമോലെഡ് 2കെ എഡിആര്‍ 10 ഡിസ്‌പ്ലേ ആയിരിക്കും ഫോണിൽ ഉണ്ടായിരിക്കുക എന്നു റിപ്പോർട്ടുകളും ഉണ്ട്. അതേ അമയം റിയൽമിയും 64 മെഗാപിക്സൽ ക്യാമറയോടുകൂടിയ സ്മാർട്ട്‌ഫോൺ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.