ഫെയ്സ്ബുക്കിന് വേണ്ടി നിങ്ങളുടെ ശബ്ദം നൽകാൻ തയ്യാറാണോ എങ്കിൽ പകരം ഫെയ്സ്ബുക്ക് നിങ്ങൾക്ക് പണം നൽകും. എങ്ങനെയാണെന്നായിരിയ്ക്കും ചിന്തിയ്ക്കുന്നത്. സ്പീച്ച് റെക്കഗ്നിഷൻ സങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനായാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളോട് ശബ്ദം ആവശ്യപ്പെടുന്നത്.
ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് റിസര്‍ച്ച് ആപ്ലിക്കേഷനായ വ്യൂപോയിന്റിന്റെ 'പ്രൊനണ്‍സിയേഷന്‍സ്' എന്ന പദ്ധതിയ്ക്ക് കീഴിലാണ് ഉപയോക്താക്കളിൽനിന്നും ശബ്ദം ശേഖരിക്കുക. എന്നാൽ വലിയ തുക പ്രതിഫലം ലഭിക്കും എന്നൊന്നും കരുതരുത്. റെക്കോര്‍ഡിങുകളുടെ ഒരു സെറ്റ് പൂര്‍ത്തിയാക്കിയാല്‍ പോയിന്റ് ആപ്ലിക്കേഷനില്‍ 200 പോയിന്റ് ലഭിക്കും. 1000 പോയിന്റുകള്‍ ലഭിച്ചാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കൂ.
5 ഡോളറാണ് 1000 പോയിന്റുകൾക്ക് പ്രതിഫലം ലഭിക്കുക. 5 സെറ്റ് മാത്രമേ ഒരു ഉപയോക്താവിന് റെക്കോർഡ് ചെയ്യാൻ സാധിക്കൂ, പേ പാൽ ആപ്പിലൂടെ മാത്രമായിരിയ്ക്കും ഈ പണം പിൻവലിക്കാൻ സാധിക്കുക. നിലവിൽ അമേരിക്കയിൽ മാത്രമാണ് നടപടികൾ ഫെയ്സ്‌ബുക്ക് ആരംഭിച്ചിട്ടുള്ളത്. 75ന് മുകളിൽ ഫ്രണ്ട്സ് ഉള്ള 18 വയസിന് മുകളിൽ പ്രായമുള്ള ഉപയോക്താക്കളിൽനിന്നു മാത്രമാണ് ശബ്ദം സ്വീകരിക്കുന്നത്.