ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി. സൂപ്പർ താരം സുരേഷ് റെയ്നയ്ക്ക് ഈ സീസൺ മുഴുവൻ നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ഐപിഎല്ലിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് സുരേഷ് റെയ്ന അറിയിച്ചതായി ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥ് അറിയിച്ചു.
വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങി. ഈ സീസണിൽ അദ്ദേഹം ചെന്നൈയ്ക്കൊപ്പം ഉണ്ടാവില്ല. ഈ അവസരത്തിൽ റെയ്നക്കും കുടുംബത്തിനും എല്ലാ പിന്തുണയും നൽകുന്നു- ചെന്നൈ സിഇഒ ട്വീറ്റ് ചെയ്തു.
ഈ മാസം 15നാണ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം ധോണിയും റെയ്നയും ഒരുമിച്ച് കളിക്കുന്നതിന് കാത്തിരുന്ന കാണികളെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.