ഐപിഎല്ലിലെ ആദ്യ 2 മത്സരങ്ങള്‍ കൊണ്ട് തന്നെ സീസണിലെ കണ്ടെത്തല്‍ എന്ന വിശേഷണം സ്വന്തമാക്കിയ യുവപേസറാണ് ലഖ്‌നൗവിന്റെ മായങ്ക് യാദവ്. പരിക്കിനെ തുടര്‍ന്ന് ഗുജറാത്തിനെതിരെ ഒരോവര്‍ മാത്രമാണ് ഇന്നലെ യുവതാരത്തിന് എറിയാന്‍ സാധിച്ചത്. എന്നാല്‍ വജ്രായുധമില്ലെങ്കിലും അതിനോളം തന്നെ മൂര്‍ച്ചയുള്ള മറ്റൊരു ആയുധം മത്സരത്തില്‍ ലഖ്‌നൗ കരുതിവെച്ചിരിക്കുന്നത്. മത്സരത്തിന്റെ ആറാം ഓവറിലെത്തിയ യുവതാരമായ യാഷ് ഠാക്കൂറാണ് ഗുജറാത്ത് നിരയെ ഇന്നലെ തകര്‍ത്തെറിഞ്ഞത്.
ഗുജറാത്തിന്റെ സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കികൊണ്ട് തുടങ്ങിയ യഷ് പതിനഞ്ചാമത്തെ ഓവറില്‍ വിജയ് ശങ്കറിനെയും പിന്നാലെ റാഷിദ് ഖാനെയും പുറത്താക്കി. അപകടകാരിയായ രാഹുല്‍ തെവാട്ടിയയെ നിക്കോളാസ് പൂരന്റെ കയ്യിലെത്തിച്ചതോടെ മത്സരം ലഖ്‌നൗവിന്റെ വരുതിയിലാക്കാനും യഷിന് സാധിച്ചു. വാലറ്റക്കാരന്‍ നൂര്‍ അഹമ്മദിനെ പുറത്താക്കാനായതോടെ 3.5 ഓവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
2023ലെ ലേലത്തില്‍ 45 ലക്ഷം രൂപ മുടക്കിയാണ് ലഖ്‌നൗ താരത്തെ ടീമിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ഉമേഷ് യാദവ്,ജിതേഷ് ശര്‍മ എന്നിവര്‍ക്കൊപ്പം വിദര്‍ഭയ്ക്ക് വേണ്ടിയാണ് യഷ് കളിക്കുന്നത്. 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന്ം 67 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. യോര്‍ക്കറുകള്‍ അനായാസം എറിയാനുള്ള കഴിവ് അവസാന ഓവറുകളില്‍ യഷിനെ അപകടകാരിയാക്കുന്നു.