കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഫൈനലിലെത്തിച്ചതോടെ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഇതുവരെ മറ്റൊരു താരത്തിനുമില്ലാത്ത തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍. ഐപിഎല്ലില്‍ 2 വ്യത്യസ്ത ഫ്രാഞ്ചൈസികളെ ഫൈനലിലെത്തിക്കുന്ന ആദ്യ നായകനാണ് ശ്രേയസ് അയ്യര്‍. 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ശ്രേയസ് ഫൈനലിലെത്തിച്ചിരുന്നെങ്കിലും അന്ന് കിരീടം സ്വന്തമാക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നില്ല. മുംബൈ ഇന്ത്യന്‍സായിരുന്നു ആ വര്‍ഷത്തെ ഐപിഎല്‍ ചാമ്പ്യന്മാര്‍.
2021 സീസണില്‍ പരിക്ക് മൂലം ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നതോടെ ഡല്‍ഹി ക്യാപ്റ്റനായി റിഷഭ് പന്തിനെ നിശ്ചയിക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയിട്ടും ക്യാപ്റ്റന്‍സി നല്‍കാന്‍ ഡല്‍ഹി തയ്യാറാകാതിരുന്നതോടെയാണ് താരം ടീം വിട്ടത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയിലെത്തിയെങ്കിലും പരിക്ക് മൂലം കളിക്കുവാന്‍ താരത്തിനായിരുന്നില്ല. നിതീഷ് റാണയായിരുന്നു കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ നയിച്ചത്. 2024 സീസണില്‍ നായകനായി തിരിച്ചെത്തിയതോടെ കൊല്‍ക്കത്തയെ ഫൈനലിലെത്തിക്കാന്‍ ശ്രേയസിനായി. ക്വാളിഫയര്‍ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 22 പന്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങാനും ശ്രേയസിനായിരുന്നു.