ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്റര്‍ പോരാട്ടത്തില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഫാഫ് ഡുപ്ലെസിയുടെ ആര്‍സിബിയെ നേരിടാന്‍ ഒരുങ്ങുകയാണ്. ടൂര്‍ണമെന്റിലെ ഫേവറേറ്റുകളായി തുടങ്ങി അവസാന മത്സരങ്ങളിലെല്ലാം പരാജയപ്പെട്ടാണ് സഞ്ജുവും സംഘവും ഇന്നിറങ്ങുന്നത്. അതേസമയം ഐപിഎല്ലിലെ ആദ്യ 8 മത്സരങ്ങളിലും ഏഴിലും പരാജയപ്പെട്ട് അവിശ്വസനീയമായ കുതിപ്പ് നടത്തിയാണ് ആര്‍സിബി പ്ലേ ഓഫ് യോഗ്യത നേടിയത്. ഇന്ന് രാജസ്ഥാനെ നേരിടാനൊരുങ്ങുമ്പോള്‍ കാര്യങ്ങളെല്ലാം തന്നെ ആര്‍സിബിക്ക് അനുകൂലമാണെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ടൂര്‍ണമെന്റിലെ തുടക്കത്തിലെ ഉണ്ടായിരുന്ന വിന്നിംഗ് മൊമന്റം രാജസ്ഥാന്‍ നഷ്ടപ്പെടുത്തി എന്നതാണ് ഇതിന് കാരണമായി പ്രധാനമായും പറയുന്നത്. പല മത്സരങ്ങളിലും ടോസിന് ശേഷം രാജസ്ഥാന്‍ നടത്തിയ അപ്രതീക്ഷിതമായ തീരുമാനങ്ങള്‍ ഇതിന് കാരണമായിട്ടുണ്ട്. റിസ്‌ക് എടുത്തുകൊണ്ടുള്ള ഈ തീരുമാനങ്ങള്‍ രാജസ്ഥാന് ഒരു തരത്തിലും ഗുണം ചെയ്തില്ല എന്നത് മാത്രമല്ല തുടര്‍ച്ചയായ തോല്‍വികള്‍ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്തു. മെയ് മാസത്തില്‍ കളിച്ച ഒരു മത്സരത്തില്‍ പോലും രാജസ്ഥാന് വിജയിക്കാനായിട്ടില്ല. ഇത് രാജസ്ഥാന്‍ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് ഉറപ്പാണ്.
മറുഭാഗത്ത് നിരവധി പോരായ്മകളുള്ള ടീമാണെങ്കിലും തുടര്‍ച്ചയായ വിജയങ്ങള്‍ ആര്‍സിബിക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. അവസാന മത്സരങ്ങളില്‍ രജത് പാട്ടീധാര്‍,കാമറൂണ്‍ ഗ്രീന്‍ എന്നീ താരങ്ങള്‍ നടത്തുന്ന പ്രകടനങ്ങളും ആര്‍സിബിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഒരു പേസ് യൂണിറ്റെന്ന നിലയില്‍ ബൗളര്‍മാര്‍ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. മറുഭാഗത്ത് ഓപ്പണിംഗിലെ പരാജയം രാജസ്ഥാന് വലിയ തലവേദനയാണ്. വിജയം വേണമെങ്കില്‍ തങ്ങള്‍ തന്നെ കളിക്കണമെന്ന സമ്മര്‍ദ്ദം സഞ്ജുവിനും റിയാന്‍ പരാഗിനും മുകളിലുണ്ട്. ഇത് സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്നതില്‍ നിന്നും ഈ താരങ്ങളെ പിന്തിരിപ്പിക്കുന്നുണ്ട്. ഭയന്ന് കളിക്കുന്ന സംഘമായി രാജസ്ഥാന്‍ മാറിയെന്നാണ് രാജസ്ഥാന്‍ തോല്‍ക്കുമെന്ന് പല മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും പ്രവചിക്കാന്‍ കാരണം. മറുവശത്ത് ടേബിളിന്റെ അടിത്തട്ടില്‍ നിന്നും പൊന്തിവന്ന ആര്‍സിബി ആത്മവിശ്വാസത്തിന്റെ അങ്ങേ തലയ്ക്കിലാണ്.