ബാംഗ്ലൂരിന് ആരുടെ ശാപമാണെന്ന് അറിയില്ല; മറ്റൊരു സൂപ്പര്‍ താരം കൂടി പുറത്ത് - വണ്ടര്‍ കിഡിന്റെ അഭാവം തിരിച്ചടിയെന്ന് വെട്ടോറി
ബാംഗ്ലൂര്‍ നിരാശയുടെ പടുകുഴിയില്‍; വണ്ടര്‍ കിഡിന്റെ അഭാവം തിരിച്ചടിയെന്ന് വെട്ടോറി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പത്താം സീസണ് ഒരുങ്ങുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് മറ്റൊരു തിരിച്ചടികൂടി. ടീമിലെ വെടിക്കെട്ട് താരം സര്‍ഫറാസ് ഖാന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ കളിച്ചേക്കില്ല.
പരിശീലനത്തിനിടെ പരുക്കേറ്റതാണ് സര്‍ഫറാസിന് വിനയായത്. അദ്ദേഹം കളിച്ചേക്കില്ലെന്ന് ചലഞ്ചേഴ്‌സ് മുഖ്യ പരിശീലകന്‍ ഡാനിയല്‍ വെട്ടോറി പറഞ്ഞു.
സര്‍ഫറാസിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കും. അവന്റെ അഭാവം ഫീല്‍ഡില്‍ ഉറപ്പായും ഞങ്ങളെ ബാധിക്കും, പരിക്കില്‍ നിന്നും അവന്‍ വേഗം മുക്തമാകട്ടെയെന്നും വെട്ടോറി വ്യക്തമാക്കി.
2015ല്‍ 50 ലക്ഷം രൂപയ്ക്കായിരുന്നു സര്‍ഫറാസ് ബാംഗ്ലൂര്‍ ടീമിലെത്തിയത്. മികച്ച പ്രകടനം തുടര്‍ച്ചയായി പുറത്തെടുത്ത ഈ യുവതാരം വിരാട് കോഹ്‌ലിയുടെ പ്രീയതാരം കൂടിയാണ്. ബോളര്‍മാരെ ഭയം കൂടാതെ നേരിടാന്‍ കാണിക്കുന്ന മിടുക്കാണ് വണ്ടര്‍ കിഡ് എന്നറിയപ്പെടുന്ന സര്‍ഫറസിനെ പ്രശസ്തനാക്കിയത്.
വിരാട് കോഹ്‌ലിക്ക് പരുക്കേറ്റതിനാല്‍ ബംഗ്ലൂരിനെ നയിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയെഴ്‌സ് എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹവും പരുക്കിന്റെ പിടിയിലായതോടെ ഓസ്‌ട്രേലിയന്‍ ഓൾറൗണ്ടർ ഷെയ്ൻ വാട്സണ്‍ ആയിരിക്കും ടീമിനെ നയിക്കുക.
ഓസ്ട്രേലിയയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് കോഹ്‌ലിക്ക് തോളിന് പരുക്കേറ്റത്. എന്നാല്‍, പുറം വേദനയാണ് ഡിവില്ലിയേഴ്‌സിന് വിനയായത്. ഇരു താരങ്ങളും ടീമിനൊപ്പം ചേരുമെങ്കിലും അത് എന്നായിരിക്കുമെന്ന് വ്യക്തമല്ല. ബംഗളൂരിന്റെ തന്നെ കെഎല്‍ രാഹുലും ടൂര്‍ണമെന്റിലുണ്ടാവില്ല.