Sanju Samson: തോല്‍വിക്ക് കാരണം സഞ്ജുവിന്റെ മണ്ടത്തരങ്ങളോ? ചോദ്യങ്ങളുമായി ആരാധകര്‍
ബൗളിങ് സമയം നീണ്ടുപോയതാണ് സഞ്ജുവിന്റെ ഭാഗത്തുനിന്ന് വന്ന മറ്റൊരു പിഴവ്
Sanju Samson: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോറ്റതിനു പിന്നാലെ നായകന്‍ സഞ്ജു സാംസണെ വിമര്‍ശിച്ച് ആരാധകര്‍. ബൗളിങ്ങിനിടെ സഞ്ജു എടുത്ത ചില തീരുമാനങ്ങളാണ് തോല്‍വിക്ക് പ്രധാന കാരണമെന്ന് പലരും കുറ്റപ്പെടുത്തി. ആദ്യ നാല് മത്സരങ്ങളില്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ച ക്യാപ്റ്റന്‍സി ബ്രില്യന്‍സ് ഇത്തവണ സഞ്ജു പുറത്തെടുത്തില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.
രാജസ്ഥാന്റെ പ്രധാന ബൗളറായ ട്രെന്റ് ബോള്‍ട്ട് രണ്ട് ഓവര്‍ മാത്രമാണ് ഇന്നലെ എറിഞ്ഞത്. മത്സരം പൂര്‍ത്തിയാകുമ്പോള്‍ ബോള്‍ട്ടിന്റെ രണ്ട് ഓവര്‍ ശേഷിച്ചിരുന്നു. ഡെത്ത് ഓവറില്‍ പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുക്കുന്ന ശീലം ഉള്ളതുകൊണ്ടാകും ബോള്‍ട്ടിനെ അവസാനത്തേക്ക് പരിഗണിക്കാതിരുന്നത്. എന്നാല്‍ ശേഷിക്കുന്ന രണ്ട് ഓവര്‍ ഇടയില്‍ എപ്പോഴെങ്കിലും എറിയിച്ചു തീര്‍ക്കാമായിരുന്നില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. രണ്ട് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രമാണ് ബോള്‍ട്ട് ഇന്നലെ വഴങ്ങിയത്. മികച്ച ഇക്കോണമിയില്‍ എറിഞ്ഞ ബോള്‍ട്ട് പിന്നീട് എറിയാന്‍ വരാതിരുന്നത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. ബോള്‍ട്ടിനു പരുക്കുണ്ടെങ്കില്‍ അത് സഞ്ജു മത്സരശേഷം തുറന്നുപറയേണ്ടതായിരുന്നു.
ബൗളിങ് സമയം നീണ്ടുപോയതാണ് സഞ്ജുവിന്റെ ഭാഗത്തുനിന്ന് വന്ന മറ്റൊരു പിഴവ്. അതിനു വലിയ വില കൊടുക്കേണ്ടി വന്നു. അവസാന ഓവറില്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് നാല് ഫീല്‍ഡര്‍മാരെ നിര്‍ത്താനേ രാജസ്ഥാന് സാധിച്ചുള്ളൂ. സ്ലോ ഓലര്‍ നിരക്ക് നിയമ പ്രകാരം രാജസ്ഥാന്‍ അഞ്ച് മിനിറ്റ് പിന്നില്‍ ആയിരുന്നു. ഇതേ തുടര്‍ന്ന് 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് അഞ്ച് ഫീല്‍ഡര്‍മാരെ നിര്‍ത്താനുള്ള ഓപ്ഷന്‍ രാജസ്ഥാനു നഷ്ടമായി. ഇത് ബാറ്റര്‍മാര്‍ക്കു ഗുണം ചെയ്തു. അവസാന ഓവറില്‍ ഗുജറാത്ത് താരം റാഷിദ് ഖാന്‍ മൂന്ന് ഫോറുകളാണ് അടിച്ചത്. 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് ഒരു ഫീല്‍ഡര്‍ അധികമുണ്ടായിരുന്നെങ്കില്‍ ഇതില്‍ ഒരു ബൗണ്ടറിയെങ്കിലും സേവ് ചെയ്യാന്‍ സാധിക്കുമായിരുന്നു.