Mumbai Indians vs Punjab Kings: അവസാനം വരെ പോരാടി പഞ്ചാബ് വീണു; മുംബൈയ്ക്ക് മൂന്നാം ജയം
വന്‍ തോല്‍വി മുന്നില്‍ കണ്ട പഞ്ചാബിനെ യുവതാരങ്ങളായ ശശാങ്ക് സിങ്ങും അശ്‌തോഷ് ശര്‍മയും ചേര്‍ന്ന് അത്ഭുതകരമായ രീതിയില്‍ രക്ഷിക്കുകയായിരുന്നു
Punjab vs Mumbai IPL 2024
Mumbai Indians vs Punjab Kings: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം ജയം. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഒന്‍പത് റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 19.1 ഓവറില്‍ 183 ന് ഓള്‍ഔട്ടായി. മുംബൈ പേസര്‍ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.
വന്‍ തോല്‍വി മുന്നില്‍ കണ്ട പഞ്ചാബിനെ യുവതാരങ്ങളായ ശശാങ്ക് സിങ്ങും അശ്‌തോഷ് ശര്‍മയും ചേര്‍ന്ന് അത്ഭുതകരമായ രീതിയില്‍ രക്ഷിക്കുകയായിരുന്നു. 14-4 എന്ന നിലയില്‍ നിന്ന് ജയത്തിനു തൊട്ടരികില്‍ വരെ എത്തി പഞ്ചാബ്. എന്നാല്‍ ഒന്‍പത് റണ്‍സ് അകലെ പഞ്ചാബിന്റെ പോരാട്ടവീര്യം അവസാനിച്ചു. അശ്‌തോഷ് ശര്‍മ വെറും 28 ബോളില്‍ ഏഴ് സിക്‌സും രണ്ട് ഫോറും സഹിതം 61 റണ്‍സ് നേടി. ശശാങ്ക് സിങ് 25 പന്തില്‍ 41 റണ്‍സെടുത്തു. മുംബൈയ്ക്ക് വേണ്ടി ബുംറ നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജെറാള്‍ഡ് കോട്ട്‌സീക്കും മൂന്ന് വിക്കറ്റ്.
53 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ 36 റണ്‍സും തിലക് വര്‍മ പുറത്താകാതെ 34 റണ്‍സും നേടി. ഏഴ് കളികള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും നാല് തോല്‍വിയും സഹിതം ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് മുംബൈ.