ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് നാടകീയ ജയം. അഞ്ച് റണ്‍സിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിനെയാണ് ഏറ്റവും അവസാന സ്ഥാനക്കാരായ മുംബൈ കീഴടക്കിയത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 172 എന്ന നിലയില്‍ അവസാനിച്ചു.
ഡാനിയല്‍ സാംസാണ് മുംബൈ ഇന്ത്യന്‍സിനായി അവസാന ഓവര്‍ എറിയാനെത്തിയത്. ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് പന്തില്‍ വെറും ഒന്‍പത് റണ്‍സ്. ക്രീസില്‍ വെടിക്കെട്ട് ബാറ്റര്‍മാരായ ഡേവിഡ് മില്ലറും രാഹുല്‍ തെവാത്തിയയും. എന്നിട്ടും ഗുജറാത്തിന് അടിതെറ്റിയതിലാണ് ആരാധകര്‍ക്ക് ഞെട്ടല്‍.
ഡാനിയല്‍ സാംസ് എറിഞ്ഞ ആദ്യ പന്തില്‍ മില്ലര്‍ ഒരു സിംഗിള്‍ നേടി. രണ്ടാം പന്തില്‍ തെവാത്തിയയ്ക്ക് റണ്‍സ് നേടാന്‍ സാധിച്ചില്ല. മൂന്നാം പന്തില്‍ തെവാത്തിയ റണ്‍ഔട്ട്. രണ്ടാം റണ്‍സിന് ഓടിയാണ് തെവാത്തിയ റണ്‍ഔട്ടായത്. നാലാം പന്തില്‍ റാഷിദ് ഖാന് നേടാനായത് ഒരു റണ്‍. അതോടെ അവസാന രണ്ട് പന്തില്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സായി. അഞ്ചാം പന്ത് നേരിട്ടത് കില്ലര്‍ മില്ലര്‍. പക്ഷേ അത് ഡോട്ട് ബോള്‍ ആയി. ഒരു പന്തില്‍ ആറ് റണ്‍സ് എടുത്താല്‍ ജയിക്കുമെന്ന അവസ്ഥ. ഇത്തവണ അവസാന പന്തിലെ അത്ഭുതം ആവര്‍ത്തിക്കാന്‍ ഗുജറാത്തിന് സാധിച്ചില്ല. ഡാനിയല്‍ സാംസ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ ഒരു റണ്‍സ് പോലും നേടാനായില്ല. മുംബൈ വിജയിക്കുകയും ചെയ്തു.