ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തിലും നെഗറ്റീവ് ക്രിക്കറ്റ് കളിച്ച ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലിനെ പരസ്യമായി ശകാരിച്ച് ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഹൈദരാബാദിനോടേറ്റ തോല്‍വിക്ക് ശേഷം കെ എല്‍ രാഹുലുമായി ഗോയങ്ക നടത്തുന്ന സംഭാഷണ ദൃശ്യങ്ങള്‍ മത്സരശേഷം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ടീമിന്റെ മോശം പ്രകടനത്തിലുള്ള അതൃപ്തി സഞ്ജീവ് ഗോയങ്കയുടെ മുഖത്ത് പ്രകടമായിരുന്നു. കെ എല്‍ രാഹുലിനെ ശാസിക്കുകയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഗോയങ്കയുടെ ശരീരഭാഷ.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പല തരത്തിലാണ് ആളുകള്‍ ഇതിനോട് പ്രതികരിക്കുന്നത്. കെ എല്‍ രാഹുല്‍ ഇത് അര്‍ഹിക്കുന്നുണ്ടെന്നും ടീമിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത് ബാറ്ററായും നായകനായും ഉള്ള രാഹുലിന്റെ മോശം പ്രകടനം കൊണ്ടാണെന്ന് ഒരു വിഭാഗവും കാര്യം ശരിയാണെങ്കിലും കെ എല്‍ രാഹുലിനെ പരസ്യമായി ഇത്തരത്തില്‍ അപമാനിക്കരുതായിരുന്നുവെന്ന് പറയുന്നവരുമുണ്ട്. മത്സരത്തില്‍ ലഖ്‌നൗ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 165 റണ്‍സ് വെറും 9.4 ഓവറിലാണ് ഹൈദരാബാദ് മറികടന്നത്. മത്സരശേഷം പ്രതികരണം ചോദിച്ചപ്പോള്‍ ഹൈദരാബാദ് ഓപ്പണര്‍മാരുടെ പ്രകടനം അവിശ്വസനീയമാണെന്നും പന്തുകള്‍ മിഡില്‍ ചെയ്യാന്‍ അവര്‍ക്കായെന്നും 240-250 റണ്‍സ് ലഖ്‌നൗ നേടിയിരുന്നെങ്കില്‍ പോലും ഹൈദരാബാദ് ചിലപ്പോള്‍ ജയിക്കുമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
മത്സരത്തില്‍ ലഖ്‌നൗ ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 33 പന്തില്‍ നിന്നും 29 റണ്‍സ് മാത്രമാണ് നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഹൈദരാബാദ് 100+ റണ്‍സ് നേടിയെങ്കില്‍ ആറോവറില്‍ 27 റണ്‍സ് മാത്രമായിരുന്നു ലഖ്‌നൗ നേടിയത്.