2013 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന താരമാണ് രാജസ്ഥാന്റെ ഇന്നത്തെ വജ്രായുധമായ സന്ദീപ് ശര്‍മ. 2014 സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി 11 മത്സരങ്ങളില്‍ 18 വികറ്റുകളുമായി ശ്രദ്ധയാകര്‍ഷിച്ച സന്ദീപ് ശര്‍മ ന്യൂബോളില്‍ അപകടം വിതയ്ക്കാന്‍ ശേഷിയുള്ള ബൗളറായിരുന്നു. 2014ല്‍ ഫൈനല്‍ വരെയെത്തുന്നതില്‍ സന്ദീപ് ശര്‍മ വലിയ പങ്കുവഹിച്ചെങ്കിലും ആ സീസണില്‍ കൊല്‍ക്കത്തയോട് ഫൈനലില്‍ പഞ്ചാബ് പരാജയപ്പെട്ടു. 2017ലെ ഐപിഎല്ലില്‍ ആര്‍സിബിയുടെ സൂപ്പര്‍ താരങ്ങളായ കോലി,ഗെയ്ല്‍,എബി ഡീവില്ലിയേഴ്‌സ് എന്നിവരെ ഒരേ മത്സരത്തില്‍ പുറത്താക്കി സന്ദീപ് ശര്‍മ തന്റെ കഴിവ് വീണ്ടും തെളിയിച്ചു.
ഐപിഎല്ലില്‍ തുടരെ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ അയാളുടെ സ്ഥാനത്തിനായി ആരും മുറവിളി കൂട്ടിയില്ല. എങ്കിലും സന്ദീപ് ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇടക്കാലത്ത് സന്ദീപ് എന്ന പവര്‍പ്ലേയില്‍ അപകടം വിതയ്ക്കുന്ന ബൗളറുടെ ശേഷി കുറഞ്ഞുതുടങ്ങിയതോടെ അയാള്‍ക്ക് കാര്യമായി വിക്കറ്റുകള്‍ നേടാന്‍ സാധിക്കാതെ വന്നു. അപ്പോഴും ഒരു തല്ലുവാങ്ങുന്ന ബൗളറെന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയില്ല. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന സന്ദീപ് 2022ല്‍ പഞ്ചാബ് കിംഗ്‌സിലേക്കും 2023ലെ താരലേലത്തില്‍ ഒരു ടീമും വാങ്ങാതെ ഐപിഎല്ലിന് പുറത്തുമായി അപമാനിക്കപ്പെട്ടു.
2023ല്‍ രാജസ്ഥാന്‍ പേസറായിരുന്ന പ്രസിദ്ധ് കൃഷ്ണയ്ക്ക് പരിക്കേറ്റതോടെ പകരക്കാരനായി മാത്രമാണ് രാജസ്ഥാന്‍ ടീമിലെത്തുന്നത്. സഞ്ജു സാംസണ്‍ എന്ന പുതിയ നായകന് കീഴില്‍ ടീമിലാകെ മാറ്റങ്ങള്‍ വരുന്ന സമയത്തായിരുന്നു സന്ദീപിന്റെ രാജസ്ഥാനിലേക്കുള്ള പ്രവേശനം. ഐപിഎല്ലില്‍ നിന്നും കിട്ടിയ അപമാനത്തിന് തിരിച്ചടി നല്‍കണമെന്ന സന്ദീപിന്റെ ഉറച്ച തീരുമാനവും അധ്വാനവും ഒപ്പം സഞ്ജുവെന്ന ക്യാപ്റ്റനും ചേര്‍ന്നപ്പോള്‍ പവര്‍പ്ലേയിലെ അപകടകാരിയായിരുന്ന സന്ദീപ് ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി മാറി. 2023 സീസണില്‍ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായിട്ടായിരുന്നു സന്ദീപ് കളിച്ചത്.
2024ലെ ഐപിഎല്ലിലും ആ റോള്‍ മനോഹരമായി തന്നെ താരം നിറവേറ്റി. മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരത്തില്‍ ന്യൂബോളിലെത്തി പഴയ പവര്‍ പ്ലേയിലെ അപകടകാരിയായ സന്ദീപ് ശര്‍മ തനിക്കുള്ളില്‍ ഇപ്പോഴുമുണ്ടെന്ന് സന്ദീപ് തെളിയിച്ചു. അഞ്ച് വിക്കറ്റ് വാങ്ങി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയപ്പോള്‍ ഐപിഎല്ലില്‍ അണ്‍സോള്‍ഡായി പോയ തനിക്ക് ഇപ്പോള്‍ കിട്ടുന്നതെല്ലാം ബോണസാണ് എന്നാണ് സന്ദീപ് പറഞ്ഞത്. അയാള്‍ നേരിട്ട അപമാനം അയാളെ എത്രമാത്രം മാറ്റി എന്ന് തെളിയിക്കുന്നതായിരുന്നു ആ വാക്കുകള്‍.