Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Breaking News: ഐപിഎല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്; ഫൈനലില്‍ സഞ്ജുവിന്റെ രാജസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്തു

Breaking News: ഐപിഎല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്; ഫൈനലില്‍ സഞ്ജുവിന്റെ രാജസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്തു
, ഞായര്‍, 29 മെയ് 2022 (23:23 IST)
ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ 15-ാം സീസണ്‍ ജേതാക്കള്‍. ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് ഐപിഎല്‍ കിരീടം ചൂടിയത്. ഗുജറാത്ത് ഫ്രാഞ്ചൈസിയുടെ ആദ്യ ഐപിഎല്‍ സീസണ്‍ കൂടിയാണ് ഇത്. 
 
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്റെ 130 റണ്‍സ് 18.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലുമാണ് ഗുജറാത്തിന്റെ വിജയത്തില്‍ അടിത്തറ പാകിയത്.

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുകയായിരുന്ന ഗുജറാത്തിന് 4.3 ഓവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായതാണ്. മൂന്നാം വിക്കറ്റില്‍ പാണ്ഡ്യയും ഗില്ലും ക്ഷമയോടെ ക്രീസില്‍ നങ്കൂരമിട്ടതാണ് ഗുജറാത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹാര്‍ദിക് പാണ്ഡ്യ 30 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സ് നേടിയാണ് പുറത്തായത്. ശുഭമാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ഗില്‍ 43 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 45 റണ്‍സ് നേടി പുറത്താകാതെ നിന്നു. പാണ്ഡ്യ പുറത്തായ ശേഷം ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ 19 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും അടക്കം 32 റണ്‍സ് നേടി പുറത്താകാതെ നിന്നു. 
 
നേരത്തെ വമ്പന്‍ ബാറ്റര്‍മാരുള്ള രാജസ്ഥാന്‍ റോയല്‍സിനെ എറിഞ്ഞൊതുക്കുകയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും നാലാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ യഷസ്വി ജയ്‌സ്വാളിനെ നഷ്ടപ്പെട്ടതോടെ രാജസ്ഥാന്റെ തകര്‍ച്ച തുടങ്ങി. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് ആയപ്പോഴാണ് രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായത്. അവസാനം നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടാനേ രാജസ്ഥാന് സാധിച്ചുള്ളൂ. 
 
ജോസ് ബട്‌ലര്‍ 35 പന്തില്‍ 39 റണ്‍സ് നേടിയത് ഒഴിച്ചാല്‍ മറ്റാര്‍ക്കും കാര്യമായ സംഭാവനകളൊന്നും രാജസ്ഥാന് വേണ്ടി നല്‍കാന്‍ സാധിച്ചില്ല. ജയ്‌സ്വാള്‍ 22 റണ്‍സും റിയാന്‍ പരാഗ് 15 റണ്‍സും നേടി പുറത്തായി. 
 
ഗുജറാത്തിനു വേണ്ടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പന്ത് കൊണ്ട് മിന്നും പ്രകടനം നടത്തി. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍ ! ബട്‌ലര്‍, സഞ്ജു സാംസണ്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍ എന്നിവരെയാണ് ഹാര്‍ദിക് പുറത്താക്കിയത്. സായ് കിഷോര്‍ രണ്ട് വിക്കറ്റും റാഷിദ് ഖാന്‍, യാഷ് ദയാല്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജസ്ഥാനെ എറിഞ്ഞൊതുക്കി ഗുജറാത്ത്; ഹാര്‍ദിക്കിനും കൂട്ടര്‍ക്കും വിജയലക്ഷ്യം 131 റണ്‍സ്